
ദുബായ്: ആര്‍ടിഎ ദുബായ് മെട്രോ സ്റ്റേഷനുകളില്‍ സമഗ്ര നവീകരണത്തിന് ഒരുങ്ങുന്നു. നിലവിലുള്ള ഗേറ്റുകളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റമുണ്ടാകും. പുതിയ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (ടിവിഎം), ടിക്കറ്റ് ഓഫിസ് മെഷീനുകള്‍ (ടിഒഎം), 3ഡി സെന്‍സറുകളോടു കൂടിയ ഓട്ടമേറ്റഡ് ഫെയര്‍ കലക്ഷന്‍ (എഎഫ്സി) ഗേറ്റുകള്‍ എന്നിവ സ്ഥാപിക്കും. കേന്ദ്രീകൃത നിയന്ത്രണ സംവിധാനവും പരിഷ്‌കരിക്കും. മാര്‍ച്ചോടെ ഇവ സ്ഥാപിക്കും.
വേള്‍ഡ് എക്സ്പോ വേദിയിലേക്ക് മെട്രോ പാത ദീര്‍ഘിപ്പിക്കുന്ന റൂട്ട് 2020 പദ്ധതിയിലെ സാങ്കേതിക സംവിധാനങ്ങള്‍ ഇതര സ്റ്റേഷനുകളിലും സ്ഥാപിക്കും. പുതിയ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ആര്‍ടിഎ സംഘം പാരിസിലെ കമ്പനി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. റൂട്ട് 2020 ‘സെന്‍ട്രല്‍ സിസ്റ്റം സോഫ്റ്റ് വെയര്‍’ സംഘം പരിശോധിച്ചു.
ലോകോത്തര സാങ്കേതിക സംവിധാനങ്ങളോടെയാണ് റൂട്ട് 2020 ഒരുങ്ങുന്നതെന്ന് ആര്‍ടിഎ റെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് യൂസഫ് അല്‍ മുധരിബ് പറഞ്ഞു. 2020 ല്‍ യാത്രക്കാരുടെ എണ്ണം 125,000 ആകുമെന്നാണ് ആര്‍ടിഎയുടെ കണക്കുകൂട്ടല്‍. റെഡ് ലൈനിന്റെ നീളം കൂട്ടുന്നതോടെ റെഡ്, ഗ്രീന്‍ ഉള്‍പ്പെടെ ദുബായ് മെട്രോ ലൈനിന്റെ നീളം 90 കിലോമീറ്ററാകും. 11 കിലോമീറ്റര്‍ ട്രാം ലൈന്‍ ഉള്‍പ്പെടെ ദുബായ് റെയില്‍ നെറ്റ്വര്‍ക്കിന്റെ നീളം 101 കിലോമീറ്ററാക്കും.
റൂട്ട് 2020 നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണയോട്ടം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ഒക്ടോബര്‍ 20 നാണ് എക്സ്പോ ആരംഭിക്കുക. റെഡ് ലൈനില്‍ നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷന്‍ മുതല്‍ എക്സ്പോ വേദിയിലേക്കുള്ള 15 കിലോമീറ്റര്‍ പാതയാണ് റൂട്ട് 2020. ഏഴു സ്റ്റേഷനുകളാണ് ഉണ്ടാകുക. മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളും രണ്ടു ഭൂഗര്‍ഭ സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ കോച്ചുകള്‍ ഫ്രാന്‍സിലാണ് നിര്‍മിച്ചത്. ഇതിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒടുവിലത്തെ കോച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.