
സിഡ്നി: ഓസ്ട്രേലിയയും പഴയ നോട്ടുകള്‍ പിന്വലിച്ചേക്കുമെന്നു സൂചന. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയെ ചുവടുപിടിച്ച് ഓസ്ട്രേലിയയും നോട്ട് അസാധുവാക്കലിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ഹരീന്ദര്‍ സിദ്ധു ഒരു ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് നോട്ടു നിരോധനം ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അവര്‍ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തെ അഭിനന്ദിച്ച ഹരീന്ദര്‍ സിദ്ധു, സര്‍ക്കാര്‍ നടപടി പൂര്‍ണമായി വിജയിച്ചാല്‍ ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ ആഴത്തിലുള്ള മാറ്റമായിരിക്കും അതുകൊണ്ടുവരിക എന്ന് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ ഇതിനോടകം കള്ളപ്പണം തടയാന്‍ ഒരു പ്രത്യേക സേന തന്നെ രൂപീകരിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ഭയക്കേണ്ടതില്ലെന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ എന്നും അവര്‍ പ്രതികരിച്ചു. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കുടിയേറിയിട്ടുള്ളത് ഇന്ത്യക്കാരാണെന്നും ഹരീന്ദര്സിദ്ധു പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.