നഗരത്തിലെ ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്കില്ലാതായി. ചെറുകിട കച്ചവടക്കാരാണ് കൂടുതലായും പ്രതിസന്ധിയിലായത്. നഗരത്തില്‍ നോട്ടുകള്‍ക്കായുള്ള ജനങ്ങളുടെ നട്ടോട്ടത്തിന് കുറവില്ല.
ബംഗളൂരു: നോട്ട് പ്രതിസന്ധിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമില്ലാതായതോടെ വ്യാപാരമേഖല പ്രതിസന്ധിയിലായി. നഗരത്തിലെ ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്കില്ലാതായി. ചെറുകിട കച്ചവടക്കാരാണ് കൂടുതലായും പ്രതിസന്ധിയിലായത്. നഗരത്തില്‍ നോട്ടുകള്‍ക്കായുള്ള ജനങ്ങളുടെ നട്ടോട്ടത്തിന് കുറവില്ല. പല ബാങ്കുകളിലും നൂറിന്റെ നോട്ടുകള്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി.
നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധധര്‍ണ നടത്തി. രാമനഗരയില്‍ ബെംഗളൂരു മൈസൂരു പാത കര്‍ഷകര്‍ ഉപരോധിച്ചു. സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതാണ് പ്രതിഷേധത്തിന് കാരണം. പട്ടുനൂല്‍ കര്‍ഷകര്‍ക്ക് പണം ലഭിക്കാ ഞ്ഞതിനെത്തുടര്‍ന്ന് വന്‍ നഷ്ടമാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വിലയും കുത്തനെ ഇടിഞ്ഞു. ചില്ലറയുടെ കുറവുകാരണം പച്ചക്കറി മാര്‍ക്കറ്റുകളില്‍ വില്പന 50 ശതമാനം കുറഞ്ഞു. കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സഹകരണസംഘങ്ങള്‍ വാങ്ങാത്തതാണ് പച്ചക്കറികളും മറ്റും കെട്ടിക്കിടക്കാന്‍ കാരണം. പ്രതിസന്ധിക്ക് പരിഹാരം കാണുന്നില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷകര്‍ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
ആര്‍.ബി.ഐ.യുടെ ബെംഗളൂരു ഓഫീസിനുമുന്നിലും പ്രതിഷേധം നടന്നു.നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചിക്ക് പേട്ട്, കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, അവന്യു റോഡ് എന്നിവിടങ്ങളില്‍ കച്ചവടം കുറഞ്ഞു. കച്ചവടം 75 ശതമാനം കുറഞ്ഞതായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. 2000 രൂപ നോട്ടുമായി വരുന്നവര്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. കച്ചവടം കുറഞ്ഞതോടെ കടകളില്‍ ജോലിക്ക് നില്‍ക്കുന്നവരുടെ ശമ്പളം മുടങ്ങുമെന്നാണ് സൂചന. വ്യാപാരം കുറഞ്ഞതിനെത്തുടര്‍ന്ന് പല കടകളും ജോലിക്കാരെ കുറച്ചു. നഗരത്തിലെ വലിയ ഷോപ്പിങ് മാളുകളിലും തിരക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.