Currency

സാമ്പത്തികപ്രതിസന്ധി; വ്യാപാരമേളയില്‍ ടിക്കറ്റ് നിരക്ക് കുറച്ചു

സ്വന്തം ലേഖകന്‍Friday, November 18, 2016 1:22 pm

note ban

ന്യൂഡല്‍ഹി: നോട്ടുമാറ്റത്തെത്തുടര്‍ന്നുള്ള നാട്ടുകാരുടെ സാമ്പത്തികപ്രതിസന്ധി അന്താരാഷ്ട്ര വ്യാപാരമേളയിലും പ്രതിഫലിച്ചു തുടങ്ങി. സന്ദര്‍ശകര്‍ കുറഞ്ഞതോടെ മേളയുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംഘാടകരായ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നിലവിലുള്ള നിരക്കുകള്‍ കുറച്ചതിനു പുറമെ, 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യപ്രവേശനവും അനുവദിച്ചു. ശനിയാഴ്ച മുതല്‍ മേളയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തുടങ്ങും.മുതിര്‍ന്നവര്‍ക്ക് 60 രൂപയുടെ ടിക്കറ്റ് നിരക്കാണ് നേരത്തെയുള്ള പ്രഖ്യാപനം. ഈ തുക അമ്പതുരൂപയാക്കി കുറച്ചു. കുട്ടികള്‍ക്ക് 40 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള തീരുമാനം റദ്ദാക്കി. പകരം 12 വയസ്സു വരെയുള്ളവര്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചു.

ആഴ്ചാവസാന ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് നേരത്തെ പ്രഖ്യാപിച്ച 120 രൂപയുള്ളത് നൂറു രൂപയാക്കിയും കുറച്ചു. അന്നേദിവസം കുട്ടികള്‍ക്ക് 60 രൂപ ഈടാക്കുന്നതും വേണ്ടെന്നു വെച്ചു.വികലാംഗര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കും പ്രവേശനം നേരത്തെ പ്രഖ്യാപിച്ചതു പോലെ സൗജന്യമായിരിക്കും.

ഇത്തവണ പണമില്ലാതെ നാട്ടുകാര്‍ നട്ടംതിരിയുന്ന പശ്ചാത്തലത്തില്‍ വലിയ തിരക്കു കാണാനില്ല. പൊതുജന സന്ദര്‍ശനവേളയില്‍ തിരക്ക് വന്‍തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നിരക്കു പരിഷ്‌കരിച്ച നടപടി.മേളയില്‍ സന്ദര്‍ശകത്തിരക്ക് വര്‍ധിപ്പിക്കാനാണ് ഇപ്പോഴത്തെ പരിഷ്‌കാരമെന്ന് ഐ.ടി.പി.ഒ. അധികൃതര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് സൗകര്യത്തിനായി പ്രത്യേക എ.ടി.എം. കൗണ്ടറുകള്‍ പ്രഗതിമൈതാനിലെ മേളാസ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേളയുടെ ടിക്കറ്റുകള്‍ മെട്രോ സ്റ്റേഷനുകളിലും ലഭിക്കും. മെട്രോ വിമാനത്താവളപാതയില്‍ ദൗളകുവ സ്റ്റേഷനില്‍ മാത്രമേ ടിക്കറ്റ് വില്‍പ്പനയുണ്ടാവൂവെന്ന് ഡി.എം.ആര്‍.സി. വക്താവ് അറിയിച്ചു.പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേക കൗണ്ടറുകളും തുറന്നു.

19 മുതല്‍ 27 വരെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പതുവരെ ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം വോളന്റിയര്‍മാരെയും പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനില്‍ നിയോഗിച്ചു. സുരക്ഷയും വര്‍ധിപ്പിച്ചു. മേളയുടെ ടിക്കറ്റുകള്‍ രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചു വരെ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x