Currency

ദീവ ഇനി വാട്‌സാപ്പിലും; പൊതുജനങ്ങള്‍ക്ക് ഇംഗ്ലിഷിലും അറബിക്കിലും ആശയവിനിമയം നടത്താം

സ്വന്തം ലേഖകന്‍Monday, July 15, 2019 3:28 pm

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി (ദീവ) പൊതുജനങ്ങള്‍ക്ക് ഇനി വാട്‌സാപ്പ് വഴിയും ആശയവിനിമയം നടത്താം. അന്വേഷണങ്ങള്‍ക്കും മറ്റുമുള്ള ‘റമ്മാസ്’ എന്ന വെര്‍ച്വല്‍ താരവുമായി ബന്ധിപ്പിച്ചാണിത്. 046019999 എന്ന വാട്ട്‌സാപ് നമ്പറിലൂടെ റമ്മാസിനോട് ഇംഗ്ലിഷിലും അറബിക്കിലും 24 മണിക്കൂറും കാര്യങ്ങള്‍ ചോദിച്ചറിയാം. വാട്‌സാപ് ഇടപാടുകള്‍ തീര്‍ത്തും സുരക്ഷിതമാണെന്നു ദീവ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മര്‍വാന്‍ ബിന്‍ ഹൈദര്‍ പറഞ്ഞു.

ദീവയുടെ യഥാര്‍ഥ വാട്ട്‌സാപ് അക്കൗണ്ടിലാണ് ആശയവിനിമയം നടത്തുന്നതെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ‘ദീവ’ എന്ന പേരിന് സമീപം പച്ചനിറത്തിലുള്ള ബാഡ്ജ് ഉണ്ടെന്ന് ഉറപ്പാക്കണം. നിര്‍മിതബുദ്ധി (എഐ) ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനമൊരുക്കിയത്. ബില്‍ അന്വേഷണങ്ങള്‍, വിവിധ അപേക്ഷകളുടെ പുരോഗതി അറിയിക്കല്‍, കോണ്‍ട്രാക്ടര്‍മാരുടെയും കണ്‍സല്‍റ്റന്റുമാരുടെയും അപേക്ഷകളുടെ വിവരങ്ങള്‍ കൈമാറല്‍, തൊഴില്‍ അന്വേഷണങ്ങള്‍ക്കു മറുപടി തുടങ്ങിയ കാര്യങ്ങള്‍ റമ്മാസിനോട് ചോദിച്ചറിയാം. ഈ സേവനങ്ങളില്‍ പലതും വാട്‌സാപ്പിലും ലഭിക്കും.

ഉപഭോക്താക്കളുടെ സന്തോഷം വര്‍ധിപ്പിക്കുന്ന വിധം സ്മാര്‍ട്ട് സേവനങ്ങളിലൂടെ അവര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കാന്‍ ദീവ എല്ലായ്‌പോഴും ശ്രദ്ധിക്കുന്നതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x