Currency

NSWല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി; അതീവ ജാഗ്രതയെന്ന് പ്രീമിയര്‍

സ്വന്തം ലേഖകന്‍Friday, July 17, 2020 1:55 pm

സമൂഹവ്യാപനത്തിലൂടെ വൈറസ് പടരുന്ന സാഹചര്യത്തില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ എല്ലാ കഫെകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഒറ്റ ഗ്രൂപ്പില്‍ പരമാവധി 10 പേരെ മാത്രമേ ബുക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. പബുകള്‍ക്ക് ഈ നിയന്ത്രണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും, ഇത് ഭക്ഷണം വിളമ്പുന്ന മറ്റു സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

ക്ലബുകളിലും പബുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം പരമാവധി 300 പേരെ മാത്രമായിരിക്കും അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങിലെത്തുന്ന എല്ലാവരും ഇരിപ്പിടങ്ങളില്‍ ഇരിക്കണം എന്നത് നിര്‍ബന്ധമാണെന്നും പ്രീമിയര്‍ പറഞ്ഞു. ഡാന്‍സോ, പാട്ടോ, പരസ്പരമുള്ള ഇടപെടലോ പാടില്ല.

വിവാഹ ചടങ്ങുകള്‍ക്കും, കോര്‍പ്പറേറ്റ് പാര്‍ട്ടികള്‍ക്കും പരമാവധി 150 പേരെ മാത്രമേ അനുവദിക്കൂ. ഇതിലും ”രോഗവ്യാപന സാധ്യത കൂടിയ” പരിപാടികളായ ഡാന്‍സോ, സംഗീതപരിപാടികളോ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പരമാവധി 100 പേര്‍ മാത്രമായി നിജപ്പെടുത്തും. വീടുകളില്‍ 20 പേര്‍ വരെ ഒത്തു കൂടുന്നത് തുടരാം. എന്നാല്‍ പരമാവധി 10 പേര്‍ മാത്രമാക്കാന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും പ്രീമിയറും ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റും അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം നടപ്പാക്കുക. എന്നാല്‍ അതിനു മുമ്പു തന്നെ ഇവ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രീമിയര്‍ പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നും, വൈറസ് അതിവേഗം പടരാം എന്ന കാര്യം കണക്കിലെടുത്ത് എല്ലാവരും സാമുഹിക ഇടപെടലുകള്‍ കുറയ്ക്കണമെന്നും പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x