
ദുബായ്: യു.എ.ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നാലിലൊരാള്‍ ഭീഷണി നേരിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. ഇതിനെ ചെറുക്കുന്നതിനും ഭീഷണിപ്പെടുത്തല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച കേസുകള്‍ നിരീക്ഷിക്കാനും പ്രതികരിക്കാനും പ്രത്യേക ശിശുസംരക്ഷണ യൂണിറ്റ് രൂപവത്കരിച്ച് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. മാതാപിതാക്കളില്‍നിന്നോ അധ്യാപകരില്‍നിന്നോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്നോ ഉള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തി കുട്ടികളെ സംരക്ഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനും രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളെ ഒരു ഹോട്ട്ലൈന്‍ വഴി ബന്ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ മോശം പെരുമാറ്റത്തെ തടയാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ യൂണിറ്റ്.
കഴിഞ്ഞവര്‍ഷം ഇതിനായി വാര്‍ഷിക ദേശീയ ഭീഷണി തടയല്‍ വാരം സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് ഭീഷണിപ്പെടുത്തലിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുകയും അവബോധം വളര്‍ത്തുന്നതിനായി പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഒരു കൂട്ടം ശിശുസംരക്ഷണ ഓഫിസര്‍മാരാണ് യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരുപോലെ വാക്കാലുള്ളതും ശാരീരികവുമായ ഭീഷണിപ്പെടുത്തല്‍ നടക്കുന്നുണ്ട്.
മാതാപിതാക്കളില്‍ അവബോധം വളര്‍ത്തുന്നതിനും കുട്ടികള്‍ക്കിടയില്‍ ഭീഷണിയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ അവരെ പഠിപ്പിക്കുന്നതിനും മന്ത്രാലയം ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.