Currency

പാക് കുടുംബം പൊതുമാപ്പ് നല്‍കി; ദുബായില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 10 ഇന്ത്യക്കാര്‍ക്ക് ശിക്ഷാ ഇളവ്

സ്വന്തം ലേഖകന്‍Friday, May 26, 2017 1:40 pm

പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യാക്കാര്‍ക്കാണ് ഇരയുടെ കുടുംബം പൊതുമാപ്പ് കൊടുത്തതിനെ തുടര്‍ന്ന് ശിക്ഷാ ഇളവ് ലഭിച്ചത്. 2015 ല്‍ നടന്ന സംഭവത്തില്‍ വധശിക്ഷ കോടതി ജീവപര്യന്തമാക്കിയിട്ടുണ്ട്.

 

ദുബായ്: ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിച്ച പത്ത് ഇന്ത്യാക്കാര്‍ക്ക് ശിക്ഷാ ഇളവ്. പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യാക്കാര്‍ക്കാണ് ഇരയുടെ കുടുംബം പൊതുമാപ്പ് കൊടുത്തതിനെ തുടര്‍ന്ന് ശിക്ഷാ ഇളവ് ലഭിച്ചത്. 2015 ല്‍ നടന്ന സംഭവത്തില്‍ വധശിക്ഷ കോടതി ജീവപര്യന്തമാക്കിയിട്ടുണ്ട്. രണ്ടു പേര്‍ക്ക് മൂന്നര വര്‍ഷവും മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷവും തടവ് ശിക്ഷ ലഭിക്കും. രണ്ടു പേര്‍ക്ക് ഓരോ വര്‍ഷവുമാണ് ശിക്ഷ. എന്നാല്‍ ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെ നാടു കടത്തുകയും ചെയ്യും.

ഇരയുടെ വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അല്‍ അയ്ന്‍ കോടതിയാണ് ശിക്ഷ ലഘൂകരിച്ചത്. കോടതിവിധിയില്‍ ഇരയുടെ കുടുംബാംഗങ്ങളോടും കോടതിയോടും നന്ദിയുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സര്‍ബത്ത് ദാ ഭാലാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഇന്ത്യന്‍ ജീവകാരുണ്യ സംഘടന ഇതിനകം രക്തപ്പണം കെട്ടിയിട്ടുണ്ട്. കുറ്റവാളികളില്‍ അഞ്ചു പേര്‍ക്ക് ഉടന്‍ തന്നെ നാട്ടിലെത്താനാകും. ബാക്കിയുള്ളവര്‍ക്ക് 2018 ആദ്യവും.

2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്‍ അയ്നിലെ താമസ സ്ഥലത്ത് 11 പഞ്ചാബികളുമായി നടന്ന കലഹത്തില്‍ പാകിസ്താന്‍കാരന്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും കോടതി വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള വിചാരണയില്‍ 2017 മാര്‍ച്ചില്‍ ഇരയുടെ പിതാവ് കോടതിയില്‍ ഹാജരാകുകയും കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് വ്യക്തമാക്കി കത്ത് കൈമാറുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ വേദനയ്ക്ക് പരിഹാരമില്ലെന്നും എന്നാല്‍ അതേ വേദന പത്ത് ഇന്ത്യന്‍ കുടുംബത്തിന് നല്‍കാനാകില്ലെന്നും ഇരയുടെ പിതാവ് കോടതിയില്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x