
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോള്‍ഡ് കോസ്റ്റിനെയും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തിനെയും മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇവിടേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ് നടപടി.
ഓസ്ട്രേലിയന്‍ കുടിയേറ്റം സിഡ്നിയും മെല്‍ബണും പോലുള്ള വന്‍ നഗരങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ മാസം മുതല്‍ രണ്ടു പുതിയ റീജിയണല്‍ വിസകളാണ് കൊണ്ടുവരുന്നത്. ഉള്‍നാടന്‍ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ളതാണ് ഈ വിസകള്‍.
സ്‌കില്‍ഡ് എംപ്ലോയര്‍ സ്പോണ്‍സേര്‍ഡ് (പ്രൊവിഷണല്‍) വിസ, സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ എന്നിവയാണ് ഇത്. മൂന്നു വര്‍ഷം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തന്നെ ജീവിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ വിസകള്‍.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബൈന്‍, പെര്‍ത്ത്, ഗോള്‍ഡ് കോസ്റ്റ് എന്നീ ‘പ്രമുഖ നഗരങ്ങള്‍’ ഒഴികെ മറ്റെല്ലാ പ്രദേശങ്ങള്‍ക്കും ഈ വിസ ബാധകമായിരിക്കും എന്നാണ് കുടിയേറ്റകാര്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പെര്‍ത്തിനെയും ഗോള്‍ഡ് കോസ്റ്റിനെയും ഈ ‘പ്രമുഖ നഗരങ്ങളുടെ’ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അതായത് ഈ രണ്ടു നഗരങ്ങളും ഇനി ഉള്‍നാടന്‍ പ്രദേശങ്ങളായി കണക്കാക്കും.
നവംബര്‍ 16 മുതലായിരിക്കും ഈ മാറ്റം നിലവില്‍ വരിക എന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ അറിയിച്ചു. അന്നു മുതലാണ് പുതിയ വിസകളും പ്രാബല്യത്തില്‍ വരുന്നത്. ഇപ്പോള്‍ നിലവിലുള്ള റീജിയണല്‍ വിസകളുടെ പരിധിയില്‍ വരാതിരുന്ന ന്യൂകാസില്‍, വൊളംഗോംഗ് തുടങ്ങിയ മേഖലകളെ പുതിയ റീജിയണല്‍ വിസയില്‍ ഉള്‍പ്പെടുത്തും എന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ, സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബൈന്‍ എന്നി വന്‍ നഗരങ്ങള്‍ ഒഴികെ മറ്റെവിടേക്ക് വേണമെങ്കിലും പുതിയ റീജിയണല്‍ വിസ ലഭിക്കും എന്നാണ് വ്യക്തമായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.