Currency

ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ അച്ചടിക്കും

സ്വന്തം ലേഖകന്‍Wednesday, December 12, 2018 5:39 pm

ഹൂസ്റ്റണ്‍: അമേരിക്കയിലെ എംബസിയിലും, ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് പുതുക്കുന്നതിനും, പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും അപേക്ഷ നല്‍കിയ ശേഷം ദിവസങ്ങളോളം ഇനി കാത്തിരിക്കേണ്ട. അപേക്ഷകള്‍ കൃത്യമാണെങ്കില്‍ 48 മണിക്കൂറിനകം ഇനി പാസ്പോര്‍ട്ട് ലഭിക്കും. അമരിക്കയില്‍ തന്നെ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ അച്ചടിക്കുന്ന നടപടിക്ക് തുടക്കമാകുന്നതോടെയാണ് കാലതാമസം ഒഴിവാകുന്നത്.

പാസ്പോര്‍ട്ട് സേവാ പ്രൊജക്ട് (പി.എസ്.പി) എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതി വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയിലും, അറ്റ്ലാന്റ, ഷിക്കാഗോ, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലുമാണ് നടപ്പാക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം യാഥാര്‍ഥ്യമാക്കുന്നത്. ഡിസംബര്‍ പകുതിയോടെ ഈ പദ്ധതി എല്ലായിടത്തും നടപ്പാകും.

മുമ്പ് പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധന നടത്തിയിരുന്നത് അമേരിക്കയിലായിരുന്നുവെങ്കിലും അച്ചടി നടത്തിയിരുന്നത് ഇന്ത്യയിലായിരുന്നു. ഇതിന് പത്തു ദിവസത്തിലധികം സമയമെടുത്തിരുന്നുവെന്ന് ഹൂസ്റ്റണിലെ ആക്ടിംഗ് കോണ്‍സുല്‍ ജനറല്‍ സുരേന്ദ്ര അധാന പറഞ്ഞു. 2018 ല്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി 16,200 ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഇഷ്യു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x