Currency

ധനകാര്യ സ്ഥാപനങ്ങളിലെ 13,000 ത്തോളം തസ്തികകളില്‍ സ്വകാര്യവല്‍ക്കരണവുമായി സൗദി

സ്വന്തം ലേഖകന്‍Wednesday, October 16, 2019 1:20 pm

റിയാദ്: സൗദിയില്‍ ധനകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലെ പതിമൂവായിരത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി തീരുമാനിച്ചു. തുടക്കത്തില്‍ ഉയര്‍ന്ന തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. സ്വകാര്യ മേഖലയിലെ വിവിധ ജോലികള്‍ തൊഴില്‍ സാമൂഹ്യ മന്ത്രാലയം നേരത്തെ തന്നെ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കു കീഴില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപങ്ങളിലും തീരുമാനം നടപ്പാക്കും. ഇവിടങ്ങളിലെ മാനേജര്‍ തസ്തികകളില്‍ ഇനി മുതല്‍ വിദേശ ജോലിക്കാരെ അനുവദിക്കില്ല. 13,000 ത്തോളം ഉന്നത തസ്തികകളിലാണ് ഇപ്രകാരം സ്വദേശികളെ മാത്രമായി നിയമിക്കുക.

ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ വിദേശ ജോലിക്കാരെ നിയമിക്കേണ്ടിവരികയാണെങ്കില്‍ അത് സ്വദേശികളെ കിട്ടാനില്ലെങ്കില്‍ മാത്രമേ അനുവദിക്കൂ. അത്തരം സന്ദര്‍ഭങ്ങളില്‍ മതിയായ യോഗ്യതയുള്ള സ്വദേശി ജോലിക്കാരെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങള്‍ തെളിയിക്കണം. ഭാവിയില്‍ അത്തരം ജോലികളില്‍ സ്വദേശികളെ തന്നെ നിയമിക്കാനാവശ്യമായ പദ്ധതികളും സ്ഥാപനം ആസൂത്രണം ചെയ്തു സാമക്ക് സമര്‍പ്പിക്കണം.

സ്വകാര്യ സ്ഥാപങ്ങളിലെ ചില ഉയര്‍ന്ന തസ്തികകളില്‍ നേരത്തെ തന്നെ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ സാമൂഹ്യ മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x