
റിയാദ്: തൊഴിലാളികളുടെ പ്രൊഫഷന് മാറ്റം സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. മറ്റു പ്രഫഷനുകളിലുള്ള വീസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന് മാറ്റാന്‍ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വീസകളില്‍ എത്തുന്നവര്‍ക്ക് പ്രൊഫഷന് മാറ്റാന്‍ കഴിയില്ല.
തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രൊഫഷന് മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര് എന്നീ തൊഴിലുകളിലേക്ക് പ്രൊഫഷന് മാറുന്നതിന് വിലക്കില്ല.
പുതിയ നിയമം സൗദിയില്‍ ജോലി ചെയ്യുകയും പുതിയ വീസകളില്‍ സൗദിയിലേക്ക് വരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴില്‍ നിയമം അനുസരിച്ച് താമസാനുമതി രേഖ (ഇഖാമ)യില്‍ ചേര്‍ത്തിട്ടുള്ള പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളില്‍ വിദേശികള്‍ ഏര്‍പ്പെടുന്നത് നിയമ ലംഘനമാണ്. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ പ്രൊഫഷന് മാറ്റം നിര്‍ത്തിവെക്കല്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പിന്നിലെ പ്രചോദനമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,05,641 പേരാണ് പ്രൊഫഷന് മാറ്റിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര് ഏഷ്യന്‍ വംശജരാണ്. 65 ശതമാനം. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യകളില്‍ ജോലി ചെയ്യുന്നവരാണ് പ്രൊഫഷന് മാറ്റിയവരില്‍ 71 ശതമാനവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.