
ദുബായ്: സര്‍ക്കാര്‍ വകുപ്പുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗുണമേന്‍മ പട്ടിക ദുബായ് ഭരണകൂടം പുറത്തുവിട്ടു. ദുബായ് വൈദ്യുതി-ജലവിതരണ വകുപ്പിനാണ് ഒന്നാം സ്ഥാനം. പബ്ലിക് പ്രോസിക്യൂഷനാണ് ഏറ്റവും മോശം വിഭാഗം. നാല് മാസം മുന്‍പ് പ്രഖ്യാപിച്ചതനുസരിച്ച് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉപഭോക്താക്കളുടെ തൃപ്തിയും സന്തോഷവും മുന്‍നിര്‍ത്തിയാണ് ഓരോ വകുപ്പുകളെയും വിലയിരുത്തിയതും മാര്‍ക്കിട്ടതും. 90.1 ശതമാനം പോയിന്റ് നേടിയാണ് വൈദ്യുതി, ജലവിതരണ വകുപ്പുകള്‍ ഒന്നാമതെത്തിയത്. 89.3 ശതമാനവുമായി റോഡ്, ഗതാഗത വകുപ്പ്, 88.6 ശതമാനവുമായി ആരോഗ്യ വിഭാഗം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചത് 77.8 ശതമാനം പോയിന്റ് മാത്രം. 79.6 ശതമാനം നേടിയ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും 81.8 ശതമാനവുമായി ദുബായ് കള്‍ച്ചറല്‍, കസ്റ്റംസ് വകുപ്പുകളും പിന്നാക്കം പോയി. 23 വകുപ്പുകളുടെ വിലയിരുത്തലിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
പിന്നാക്കം പോയ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. നിലവാരം മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. താന്‍ വ്യക്തിപരമായി ഇക്കാര്യങ്ങള്‍ നിരീക്ഷിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.