
ദുബായ്: യുഎഇയില്‍ അടുത്തയാഴ്ച കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കന്‍ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തീരദേശ, പര്‍വത മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലില്‍ ആറടി ഉയരത്തില്‍ വരെ തിരകള്‍ രൂപപ്പെടാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരത്തു നിന്നും മലയോര മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം. വാദികള്‍ക്കു കുറുകെ കടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു.
ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വടക്കന്‍ എമിറേറ്റുകളില്‍ നേരിയ തോതില്‍ മഴ പെയ്തു. റാസല്‍ഖൈമ ജബല്‍ അല്‍ ജൈസ് മലനിരകളില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.