Currency

ഗള്‍ഫ് മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ മഴ; വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, November 19, 2019 7:45 pm

ദുബായ്: ഗള്‍ഫ് മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴ. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥയാണ്. യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ പലയിടങ്ങളിലും ഇന്നലെയും മഴയുണ്ടായി. ശക്തമായ കാറ്റുമുണ്ട്. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നു മുതല്‍ ഇടിയോടെ മഴ ശക്തമായേക്കാം.

സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ ഇന്നലെ ഇടിയോടെ മഴ പെയ്തു. ബെഹ്‌റൈനില്‍ രാവിലെയായിരുന്നു മഴ. ദോഹയിലും കുവൈത്തിലും ഇടിയോടുകൂടിയ മഴ ലഭിച്ചു. ഒമാനില്‍ 22 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. ഇറാന്റെ തെക്കന്‍ മേഖലയില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു കാരണം.

മുസണ്ടം, ബുറൈമി, ബതീന, ദാഹിറ, ദാഖ് ലിയ, മസ്‌കത്ത്, ഷര്‍ഖിയ എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ ആലിപ്പഴവര്‍ഷത്തോടെ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x