Currency

ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും റംസാന്‍ വ്രതാരംഭം ശനിയാഴ്ച

സ്വന്തം ലേഖകന്‍Friday, May 26, 2017 1:55 pm

റിയാദ്: സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം. സൗദി സുപ്രീംകോടതിയാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്. ശഅ്ബാന്‍ 29ന് വ്യാഴാഴ്ച അസ്തമയത്തിന് ശേഷം നഗ്ന നേത്രം കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണത്തിന്റെ സഹായത്താലോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെ ശഅബാന്‍ 29 ആണ്. അതിനാല്‍ റംസാന്‍ ആരംഭം എന്നാണെന്ന് നാളെ മാത്രമേ പ്രഖ്യാപിക്കൂ. വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റംസാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും.

റിയാദിനടുത്തുള്ള സുദൈര്‍, ശഖ്റ തുടങ്ങി സാധാരണ മാസപ്പിറവി ദര്‍ശിക്കാറുള്ള പ്രദേശങ്ങളില്‍ പൊടിക്കാറ്റ് കാരണം മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യമായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണയും കനത്ത വേനലിലാണ് റംസാന്‍ വിരുന്നെത്തുന്നത്. കനത്ത ചൂടിലും ആത്മ സംസ്‌കരണത്തിന്റെ മാസത്തെ വിശ്വാസികള്‍ സ്വീകരിച്ചു കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x