
ദുബായ്: രാജ്യത്തെ താമസക്കാരല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ദുബായ് അവസരമൊരുക്കുന്നു. വിര്‍ച്വല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്കാന് ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ഡിജിറ്റലായി ദുബായില്‍ ബിസിനസ് നടത്താം. ദുബായ് ഇക്കണോമി, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.എഫ്.സി), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ), സ്മാര്‍ട്ട് ദുബായ്, സുപ്രീം ലെജിസ്ലേഷന് കമ്മിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ വിര്‍ച്വല്‍ ലൈസന്‍സ് ക്രിയേറ്റിവ് ഇന്‍ഡസ്ട്രീസ്, ടെക്നോളജി, സേവനമേഖല എന്നീ വിഭാഗങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
ലോകമെമ്പാടുമുള്ള ഫ്രീലാന്‍സര്‍മാര്‍ക്കും സംരംഭകര്‍ക്കും നിയന്ത്രിത ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നേടാനും പുതിയ വിപണികളെയും നിക്ഷേപ അവസരങ്ങളെയും ഡിജിറ്റലായി പര്യവേക്ഷണം ചെയ്യാനും ദുബായ് ആസ്ഥാനമായുള്ള കമ്പനികളുമായി എളുപ്പത്തില്‍ സംവദിക്കാനും വിര്‍ച്വല്‍ ലൈസന്‍സ് സഹായിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും www.vccdubai.ae വെബ്സൈറ്റ് വഴിയോ വി.എഫ്.എസ് ഗ്ലോബല്‍ ഓഫിസുകള്‍ വഴിയോ ദുബായ് ഇക്കോണമി വിര്‍ച്വല്‍ ലൈസന്‍സിനായി അപേക്ഷിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.