
ദുബായ്: മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു തിരികെ നല്‍കാനുള്ള ടൂറിസ്റ്റ്‌സ് റീഫണ്ട് സ്‌കീമിന് അംഗീകാരം. വിനോദ സഞ്ചാരികള്‍ക്ക് തുക മടക്കിനല്‍കുമെന്ന് നേരത്തെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക അംഗീകാരം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. തീരുമാനം സ്വര്‍ണ വിപണി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ആശ്വാസമാകും.
ദുബായില്‍ ഷോപ്പിങ്ങിനുമാത്രമായി എത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. ഇതിനിടെയാണ് ഈ വര്‍ഷം ആദ്യം മുതല്‍ വാറ്റ് നിലവില്‍വന്നത്. അഞ്ച് ശതമാനം വാറ്റ് നടപ്പാക്കിയതിനൊപ്പം വിനോദ സഞ്ചാരികള്‍ക്ക് ഇളവും പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇപ്പോഴാണ് അംഗീകാരമാകുന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെയോ വിമാനത്താവളത്തില്‍ വച്ചോ തുക മടക്കിനല്‍കാനുള്ള സംവിധാനം നടപ്പാക്കുമെന്നാണു പ്രതീക്ഷ.
വിമാനത്താവളത്തില്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുകയാണ് ഒരു സാധ്യത. സാധനങ്ങള്‍ വാങ്ങുന്ന ഘട്ടത്തില്‍ തന്നെ പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും പരിശോധിച്ച് വാറ്റ് മടക്കി നല്‍കുകയാണു മറ്റൊരു സാധ്യത. ഇരു മാതൃകകള്‍ പരിശോധിച്ചശേഷം സുഗമമായ സംവിധാനം എഫ്ടിഎ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.