Currency

അഭയാർത്ഥി പ്രശ്നം; സമ്പന്ന രാജ്യങ്ങൾക്കെതിരെ വിമർശനവുമായി ആംനെസ്റ്റി

സ്വന്തം ലേഖകൻThursday, October 6, 2016 9:52 am

ലോക സമ്പദ്ഘടനയിലേക്ക് വെറും 2.5 ശതമാനം മാത്രം സംഭാവന നൽകുന്ന പത്ത് രാജ്യങ്ങളിലേക്കാണ് 56 ശമ്മാനം അഭയാർത്ഥികളും എത്തുന്നതെന്നും സമ്പന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും ആംനസ്റ്റി ഇന്റര്‍നാഷണൽ

താരതമ്യേന ദരിദ്രരായ രാജ്യങ്ങളാണ് ലോകത്തിലെ ഭൂരിപക്ഷം അഭയാർത്ഥികൾക്കും അഭയകേന്ദ്രമാകുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോർട്ട്. ലോക സമ്പദ്ഘടനയിലേക്ക് വെറും 2.5 ശതമാനം മാത്രം സംഭാവന നൽകുന്ന പത്ത് രാജ്യങ്ങളിലേക്കാണ് 56 ശമ്മാനം അഭയാർത്ഥികളും എത്തുന്നതെന്നും സമ്പന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി.

ലോകത്താകമാനമുള്ള 2.1 കോടി അഭയാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് ജോര്‍ഡന്‍ ആണ്- 27 ലക്ഷം. 25 ലക്ഷം പേരെ സ്വീകരിച്ച് രണ്ടാം സ്ഥാനത്ത് തുര്‍ക്കിയും 16 ലക്ഷം അഭയാര്‍ഥികൾക്ക് അഭയം നൽകി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഇറാന്‍, ഇത്യോപ്യ, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, ഛാഡ് എന്നിവയാണ് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ.

ഇത്തരമൊരു സ്ഥിതിവിശേഷം മുന്നിൽനിൽക്കെ സമ്പന്ന രാഷ്ട്രങ്ങള്‍ പ്രതിവര്‍ഷം പത്ത് ശതമാനം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ തയാറാകണമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. സിറിയ, ദക്ഷിണ സുഡാന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും അഭയാർത്ഥി പ്രവാഹമുണ്ടാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x