Currency

ഹൈടെക് ഗതാഗത സംവിധാനം; അല്‍ ഐനില്‍ 11.4 കോടിയുടെ പദ്ധതി

സ്വന്തം ലേഖകന്‍Monday, July 17, 2017 9:05 am

അബുദാബി: അല്‍ ഐനില്‍ ഗതാഗത സംവിധാനമൊരുക്കാന്‍ 11.4 കോടി ദിര്‍ഹത്തിന്റെ ശാസ്ത്രീയ പദ്ധതിക്ക് തുടക്കമാകുന്നു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ (ഐടിസി) മേല്‍നോട്ടത്തിലാണ് ഗതാഗത സുരക്ഷയ്ക്കു ഹൈടെക് നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാനുള്ളതാണ് പദ്ധതി നടപ്പിലാക്കുക.

ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍, സെന്‍സറുകള്‍, ക്യാമറകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബൃഹദ് ശൃംഖലയാണിത്. ആദ്യഘട്ടത്തില്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ മാനേജ്മെന്റ്, മെയിന്റനന്‍സ് സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് എന്ന നൂതന സംവിധാനം രണ്ടു വര്‍ഷംകൊണ്ടു സജ്ജമാക്കുമെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ മൂന്നു വര്‍ഷംകൂടിയെടുക്കും.

പ്രധാന റോഡുകള്‍, ഇന്റര്‍സെക്ഷനുകള്‍ എന്നിവയെ ബന്ധിപ്പിച്ചു ഭൂഗര്‍ഭ കേബിളുകളും ഉണ്ടാകും. ഉപപാതകള്‍ ഉള്‍പ്പെടെ നവീകരിക്കുകയും ചെയ്യും. കേന്ദ്രീകൃത ഗതാഗത നിയന്ത്രണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതു സഹായകമാകും. അതേസമയം വാഹനനീക്കം സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രത്യേക സംഘം ഉണ്ടാകും.

ഗതാഗതരംഗത്തു സമഗ്രപരിഷ്‌കരണങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണു പുതിയ ക്രമീകരണങ്ങളെന്ന് ഐടിസി ജനറല്‍ മാനേജര്‍ മുഹമ്മദ് ദാര്‍വിഷ് അല്‍ ഖംസി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x