Currency

കൊറിയര്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി; പാഴ്സല്‍ അയയ്ക്കുന്ന സാധനങ്ങള്‍ക്കുള്ള ജിഎസ്ടി ഇളവ് 5000 രൂപ വരെ മാത്രം

സ്വന്തം ലേഖകന്‍Sunday, October 8, 2017 12:39 pm

 

ദുബായ്: നാട്ടിലേക്ക് പാഴ്സലായോ കൊറിയര്‍ ആയോ അയയ്ക്കുന്ന സാധനങ്ങള്‍ക്കുള്ള ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി) ഇളവ് 5000 രൂപ വരെ മാത്രമായി നിശ്ചയിച്ചതു കൊറിയര്‍ മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൊറിയര്‍ ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.

ഐജിഎസ്ടി ചുമത്തിയതു വഴി ബിസിനസ് കുത്തനെ ഇടിഞ്ഞിരുന്നു. ഇത് തിരിച്ചു പിടിക്കാന്‍ ഇപ്പോഴുള്ള ഇളവ് മതിയാകില്ല. കുറഞ്ഞ പരിധി 20,000 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ജിഎസ്ടി നിലവില്‍ വന്നതോടെയാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പാഴ്സലായോ കൊറിയര്‍ ആയോ അയയ്ക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അര കിലോ ഗ്രാം ഭാരമുള്ള സാധനങ്ങള്‍ക്ക് പോലും 41 ശതമാനം ഡ്യൂട്ടി അടയ്ക്കേണ്ടി വന്നു.

പുതിയ തീരുമാനം നടപ്പിലായതോടെ യുഎഇ അടക്കമുള്ള ഗള്‍ഫിലെ പാഴ്സല്‍, കൊറിയര്‍, ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ ബിസിനസ് കുത്തനെ കുറഞ്ഞു. പലരും സ്ഥാപനം പൂട്ടി. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു. എന്നാല്‍, അയ്യായിരം രൂപയ്ക്ക് 15 കിലോ സാധനങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

താമസിയാതെ തന്നെ 20,000 രൂപയ്ക്കുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ബാധകമാകില്ലെന്ന നിയമം പ്രാബല്യത്തില്‍ വരുമെന്ന് തന്നെയാണ് കൊറിയര്‍- ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x