
ദുബായ്: അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മെട്രോ സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) കരാര്‍ നല്‍കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈന്‍ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ഓരോ സ്റ്റേഷനുകളില്‍ നിന്നും വിവിധ ഗതാഗത മാര്‍ഗങ്ങളിലേക്കു മാറാനുള്ള സൗകര്യം, കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയാണു പ്രധാനമായും ഉദ്ദേശിക്കുന്നത്. സ്റ്റേഷനുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും വിപുലവുമാക്കും. നടപ്പാല നിര്‍മാണം, സൂചിക ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയും നവീകരണ നടപടികളില്‍ ഉള്‍പ്പെടുന്നു.
ആദ്യഘട്ടമായി ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ഡമാക് പ്രോപ്പര്‍ട്ടീസ്, യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനുകളാണ് വിപുലീകരിക്കുക. മറ്റ് അഞ്ച് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. അല്‍ റാഷിദിയ, ജിജികോ, അല്‍ ക്വയെദ, നൂര്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ സ്റ്റേഷനുകളാണവ. ദുബായ് വാട്ടര്‍ കനാല്‍, ഷെയ്ഖ് സായിദ് റോഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
ഡമാക് മെട്രോ സ്റ്റേഷനും ദുബായ് മറീന ട്രാം സ്റ്റേഷനും തമ്മിലുള്ള ബന്ധവും വിപുലമാക്കും. യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനിലും പടിഞ്ഞാറ് ഭാഗത്ത് ഒരു കവാടം തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.