Currency

സൗദിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുകള്‍ മാറുന്നതില്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Sunday, October 6, 2019 12:39 pm

റിയാദ്: സൗദി അറേബ്യയില്‍ 19 അക്കൗണ്ടന്റ് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ പ്രൊഫഷനുകളിലുള്ളവര്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവരുടെ ഇഖാമ പുതുക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്റെയും തൊഴില്‍ മേഖലയുടെ നവീകരണത്തിന്റെയും ഭാഗമായാണ് രജിസ്ട്രേഷന്‍ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ പബ്ലിക് അക്കൗണ്ട്സ് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ തൊഴില്‍ മന്ത്രാലയം കര്‍ശനമാക്കിയത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇഖാമ പുതുക്കുമ്പോള്‍ പ്രൊഫഷന്‍ മാറ്റാമെന്ന ധാരണയില്‍ ആരും വേണ്ടത്ര ഗൗരവപൂര്‍വ്വം പരിഗണിച്ചിരുന്നില്ല. ചിലരൊക്കെ സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊഫഷനുകളിലുള്ളവര്‍ക്ക് പ്രൊഫഷന്‍ മാറ്റം സമ്പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനാല്‍ പബ്ലിക് അക്കൗണ്ട്സ് ഓര്‍ഗനൈസേഷനില്‍ (എസ്.ഒ.സി.പി.എ) രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇഖാമ പുതുക്കാനാവൂ. അല്ലാത്ത പക്ഷം ഇഖാമ പുതുക്കാതെ മറ്റു നടപടികള്‍ സ്വീകരിക്കേണ്ടിവരും.

പുതിയ മാറ്റങ്ങള്‍ ബാധമാകുന്ന 19 അക്കൗണ്ടന്റ് പ്രൊഫഷനുകള്‍:

ഡയറക്ടര്‍ ഓഫ് ഇന്റേണല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, അക്കൗണ്ട്സ് ആന്റ് ബജറ്റ് മാനേജര്‍, കോസ്റ്റ് അക്കൗണ്ടന്റ്, ജനറല്‍ അക്കൗണ്ടന്റ്, ഇന്റേണല്‍ ഓഡിറ്റര്‍, ഫസ്റ്റ് ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍, അക്കൗണ്ട്സ് ഓഡിറ്റര്‍, ഡയറക്ടര്‍ ഓഫ് ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ്, ഹെഡ് ഓഫ് ഇന്റേണല്‍ ഓഡിറ്റ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിംഗ് ടെക്നീഷ്യന്‍, ഫിനാന്‍സ് ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് സൂപ്പര്‍വൈസര്‍, ഡയറക്ടര്‍ ഓഫ് ദ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓഡിറ്റ്, ഫിനാന്‍ഷ്യല്‍ ആന്റ് അക്കൗണ്ടിംഗ്് മാനേജര്‍, അക്കൗണ്ട് ഓഡിറ്റിംഗ് ടെക്നീഷ്യന്‍, ജനറല്‍ അക്കൗണ്ടന്റ് ടെക്നീഷ്യന്‍, കോസ്റ്റ്സ് ക്ലാര്‍ക്ക്, ഫിനാന്‍ഷ്യല്‍ ക്ലാര്‍ക്ക്, ഡയറക്ടര്‍ ഓഫ് സകാത്ത് ആന്റ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x