
അബൂദബി: സൗദി അരാംകോയുടെ ഓഹരികള്‍ 2018ല്‍ വിപണിയിലിറക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കമ്പനി ആകെ ആസ്തിയുടെ അഞ്ച് ശതമാനമാണ് ഓഹരി വിപണിയിലിറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയാണ് സൗദി അരാംകോ. ഓഹരി വിപണിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമായിരിക്കും കോടികളുടെ ആസ്തിയുള്ള അരാംകോയുടെ അഞ്ച് ശതമാനം. അന്താരാഷ്ട്ര നിലവാരമുള്ള ബാങ്കുകള്‍ വഴിയാണ് ഓഹരികള്‍ വിപണിയിലിറക്കുക.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച പദ്ധതി നടത്തിപ്പിനായി അരാംകോയുടെ ആസ്തി നിര്‍ണയിക്കാനുള്ള കണക്കെടുപ്പ് നടന്നുവരികയാണെന്നും ഊര്‍ജ്ജ മന്ത്രി പറഞ്ഞു. അബൂദബിയില്‍ വ്യാഴാഴ്ച നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ബാങ്കുകളുമായുള്ള ധാരണയും ഓഹരി വിപണിയിലിറക്കുന്ന വിഹിതവും നടപ്പുവര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച് 2018 തുടക്കത്തില്‍ തന്നെ ഷെയറുകള്‍ വിപണിയിലിറക്കാനാണ് സൗദി അധികൃതര്‍ ലക്ഷ്യമിടുന്നത്.
അര്‍ദ്ധസര്‍ക്കാര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദി അരാംകോയുടെ ആസ്തിയും അഞ്ച് ശതമാനം ഓഹരിയും കണക്കാക്കുന്നത് ശ്രമകരമായി ജോലിയാണ് എന്നതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സാമ്പത്തിക വിദഗ്ധര്‍ ഈ ദൗത്യത്തില്‍ വ്യാപൃതരാണ്. ഈ ജോലികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി മുന്‍ നിശ്ചയിച്ച 2018ല്‍ തന്നെ ഓഹരി വിപണിയില്‍ ഇറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.