Currency

സൗദിയിലെ തൊഴിലുകള്‍ സ്വദേശിവത്കരിക്കാന്‍ പ്രത്യേക സമിതി പരിഗണനയില്‍

സ്വന്തം ലേഖകന്‍Monday, November 21, 2016 1:33 pm

സ്വദേശിവത്കരണ പദ്ധതി ത്വരിതപ്പെടുത്തുക, തൊഴില്‍ മന്ത്രാലയവും അതിന് കീഴിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന് ഏകീകൃത രൂപം കാണുക, സ്വദേശിവത്കരണത്തിന് മേല്‍നോട്ടം വഹിക്കുക എന്നിവ പുതിയ സമിതിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.

റിയാദ്: സൗദിയിലെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുന്ന കാര്യം സൗദി ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍. പെട്രോള്‍, ഗ്യാസ്, പെട്രോകെമിക്കല്‍, ഊര്‍ജ്ജം, ആരോഗ്യം, ഉപ്പുജല ശുദ്ധീകരണം, വൈദ്യുതി തുടങ്ങിയ മേഖലയിലെ സ്വദേശിവത്കരണത്തിന് ഏകീകൃത രൂപം കാണുന്ന സമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ച് അടുത്ത യോഗത്തില്‍ വോട്ടിനിടും.

2 വര്‍ഷം മുമ്പ് ശൂറ ചര്‍ച്ച ചെയ്ത ശേഷം നീട്ടിവെച്ച കാര്യം വീണ്ടും പരിഗണനയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് ശൂറ കൗണ്‍സിലിലെ ധനകാര്യ, ഊര്‍ജ്ജ സമിതി മേധാവി അബ്ദുറഹ്മാന്‍ അല്‍റാശിദ് പറഞ്ഞു. സ്വദേശിവത്കരണ പദ്ധതി ത്വരിതപ്പെടുത്തുക, തൊഴില്‍ മന്ത്രാലയവും അതിന് കീഴിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന് ഏകീകൃത രൂപം കാണുക, സ്വദേശിവത്കരണത്തിന് മേല്‍നോട്ടം വഹിക്കുക എന്നിവ പുതിയ സമിതിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.

സൗദി തൊഴില്‍ വിപണിക്ക് ആവശ്യമായ വിഭവങ്ങളില്‍ പരമാവധി സ്വദേശികളെ നല്‍കുക, സ്വദേശിവത്കരണത്തിലൂടെ രഷ്ട്രത്തിന് കൂടുതല്‍ സാമ്പത്തിക വരുമാനമുണ്ടാക്കുക, സ്വദേശിവത്കരണത്തിന് തീവ്രശ്രമം നടത്തുന്ന തൊഴില്‍ മന്ത്രാലയം, മാനവവിഭവശേഷി ഫണ്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവാ ഗോസി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ വേദികളുടെ ശ്രമങ്ങളെ ഏകീകരിക്കുക, സ്വദേശിവത്കരണത്തിന് മേല്‍നോട്ടം വഹിക്കുക എന്നി നിര്‍ദ്ദിഷ്ട സമിതിയുടെ പ്രവര്‍ത്തന മേഖലയായിരിക്കുമെന്ന് അബ്ദുറഹ്മാന്‍ അല്‍റാശിദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x