Currency

മലയാളി വിദ്യാര്‍ത്ഥികളടക്കം യാത്രചെയ്ത ഇന്ത്യന്‍ സ്‌കൂളിന്റെ ബസിനു തീപിടിച്ചു

സ്വന്തം ലേഖകന്‍Wednesday, February 22, 2017 10:56 am

അന്‍പതോളം കുട്ടികളുമായെത്തിയ ബസിനാണ് തീപിടിച്ചത്. ഭൂരിപക്ഷവും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു സംഭവം. കുട്ടികളുമായി 35-ാം നമ്പര്‍ ബസ് ഇസാ ടൗണ്‍ ക്യാംപസിലെത്തിയപ്പോഴായിരുന്നു തീപിടിച്ചത്.

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവന്ന ബസിനു തീപിടിച്ചു. അന്‍പതോളം കുട്ടികളുമായെത്തിയ ബസിനാണ് തീപിടിച്ചത്. ഭൂരിപക്ഷവും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു സംഭവം. കുട്ടികളുമായി 35-ാം നമ്പര്‍ ബസ് ഇസാ ടൗണ്‍ ക്യാംപസിലെത്തിയപ്പോഴായിരുന്നു തീപിടിച്ചത്. പുക ഉയര്‍ന്നയുടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

എന്‍ജിന്റെ ഭാഗത്തുനിന്നു പുക വരുന്നത് ബസിലുണ്ടായിരുന്ന അധ്യാപികയാണ് ആദ്യം കണ്ടത്. അധ്യാപിക ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് സ്‌കൂളിനുള്ളിലേക്കു കയറ്റാതെ ഗേറ്റിനു സമീപം നിര്‍ത്തിയ ശേഷം ഡോറുകളും എമര്‍ജന്‍സി ഡോറും തുറന്ന ശേഷം അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെ മുഴുവന്‍ കുട്ടികളെയും ഇറക്കുകയായിരുന്നു.

ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണു തീയണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. കമ്മീസ് ത്ഷാന്‍ ഭാഗത്തുനിന്നു കുട്ടികളെ എത്തിക്കുന്ന ബസിലാണു തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടേതാണു ബസ്.

അതേസമയം ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മൂലമാണോ ബസിനു തീപിടിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബസ് സര്‍വീസ് ഉടമയുമായി ചര്‍ച്ച നടത്തുമെന്നും ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x