
വിക്‌ടോറിയ: ഓസ്‌ട്രേലിയയില്‍ രാജ്യാന്തര അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. വിദേശത്തേക്ക് എന്ന് യാത്ര ചെയ്യാമെന്ന് കാര്യം ഇപ്പോള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും വാക്സിന്‍ കണ്ടെത്തുന്നതിന് മുന്‍പ് രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ പൗരന്‍മാരെയും പെര്‍മനന്റ് റെസിഡന്റ്‌സിനെയും അല്ലാതെ മറ്റാരെയും ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഓസ്‌ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാനും അനുവാദമില്ല.
വിക്ടോറിയയില്‍ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനാല്‍ വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പരിധിയും ഉടന്‍ പിന്‍വലിക്കില്ലെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിദേശത്തു നിന്ന് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ്‌സിനും നിയന്ത്രണങ്ങളുണ്ട്. ഒരാഴ്ച 4,000 പേരെ മാത്രമാണ് രാജ്യത്തേക്കെത്താന്‍ അനുവദിക്കുന്നത്. ഒക്ടോബര്‍ 24 വരെയെങ്കിലും ഇത് തുടരാനാണ് ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്.
രോഗബാധ രൂക്ഷമായി പടരുന്ന വിക്ടോറിയയാകട്ടെ, രാജ്യാന്തര യാത്രക്കാര്‍ സംസ്ഥാനത്തേക്കെത്തുന്നത് പൂര്‍ണമായും വിലക്കിയിരിക്കുകയാണ്. ഒക്ടോബര്‍ വരെ ഇത് തുടരും. മാത്രമല്ല, വിക്ടോറിയയില്‍ വൈറസ് ബാധ വര്‍ധിച്ചതോടെ, ഓസ്ട്രേലിയ്ക്കുള്ളില്‍ യാത്ര ചെയ്യാന്‍ സംസ്ഥാന-ടെറിറ്ററി സര്‍ക്കാരുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മിക്ക സംസ്ഥാനങ്ങളും ടെറിറ്ററികളും അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ ക്രിസ്ത്മസിന് മുന്‍പ് എടുത്തുമാറ്റുന്ന കാര്യം സംശയമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.