Currency

വാര്‍ഷിക ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി ഷാര്‍ജ

സ്വന്തം ലേഖകന്‍Thursday, January 5, 2017 11:15 am

ഷാര്‍ജ: അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനായി നൂതന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി നല്ലൊരു വിഹിതം മാറ്റി വെച്ച് വാര്‍ഷിക ബജറ്റ്. 2200 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക ബജറ്റില്‍ 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി നീക്കിവച്ചു. ആദ്യമായാണ് ഇത്രയും തുക വകയിരുത്തുന്നത്. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി വകയിരുത്തിയ തുകയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7% വര്‍ധനയുണ്ടായതായി സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് അല്‍ ഖാസിമി പറഞ്ഞു.

പോയവര്‍ഷം ഷാര്‍ജയ്ക്കു നേട്ടങ്ങളുടേതായിരുന്നുവെന്നും ഈ വര്‍ഷവും അതു തുടരുമെന്നും ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് ഓരോ പദ്ധതിക്കും രൂപംനല്‍കുന്നത്.

എമിറേറ്റിന്റെ സമ്പദ്ഘടനയ്ക്ക് ഊര്‍ജമേകുന്ന പദ്ധതികളാണു നടപ്പാക്കുക. റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് കൂടുതല്‍ നിക്ഷേപം നടത്തും. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ടു നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതു പൊതുജനങ്ങള്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നും അതുവഴി ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി. മല്‍സര ക്ഷമതയോടെ സാമ്പത്തിക മേഖലയില്‍ മുന്നേറ്റം നടത്താന്‍ ബജറ്റിന്റെ 41 ശതമാനവും വകയിരുത്തിയതായി സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍ സായെഗ് പറഞ്ഞു. വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നല്‍ നല്‍കും.

വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്‌കാരികം, സാമൂഹികം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തികം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിഞ്ഞവര്‍ഷം ആശാവഹമായ മുന്നേറ്റം നടത്താന്‍ ഷാര്‍ജയ്ക്കു കഴിഞ്ഞു. സാമൂഹിക രംഗത്തു നടപ്പാക്കേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശി യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാന്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്കു കഴിയുമെന്ന് മനുഷ്യവിഭവശേഷി വിഭാഗം ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖാദിം പറഞ്ഞു. 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു കണക്കാക്കുന്നത്. ധനകാര്യ മേഖലയില്‍ ശാസ്ത്രീയ നടപടികളിലൂടെ നേട്ടം കൊയ്യാനുള്ള ബൃഹദ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x