
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. വിമാനത്താവളത്തിലെ ലഗേജ് ഹാന്റ്ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ ഇത് മാറ്റി പാക്ക് ചെയ്യേണ്ടിവരും. ഇതിനായി അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ദിര്‍ഹമാണ് റീ പാക്കിങ് ഫീസ് നല്‍കേണ്ടത്. 90 സെ.മി നീളവും 75 സെ.മി ഉയരവും 60 സെ.മി വീതിയുമാണ് പരമാവധി വലിപ്പം നിശ്ചയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.