ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചുതുടങ്ങി. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചപാര്‍ക്കിംഗില്‍ പണമടച്ചു വാഹനം പാര്‍ക്കുചെയ്യേണ്ടിവരും.
ഷാര്‍ജ: ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചുതുടങ്ങി. തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്‍ക്കിങുകള്‍ എന്ന് വിളിക്കുന്നതുമായ വാഹന നിറുത്തല്‍ കേന്ദ്രങ്ങളിലെ പാർക്കിങ്ങുകളാണു നിരോധിക്കുന്നത്.
ഇത്തരം പാര്‍ക്കിങുകളില്‍ നിറുത്തിയിടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍ അധികൃതര്‍ വെച്ചിരുന്നു. ലഭ്യമായ വാഹന ഉടമകള്‍ക്ക് അവ നേരിട്ട് നല്‍കുകയും ചെയ്തു. പലതരത്തിലുള്ള നിയമലംഘനങ്ങളും ഇത്തരം പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ച് നടക്കുന്നതായും അധികൃതര്‍ ചൂണ്ടി കാട്ടുന്നു.
ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചപാര്‍ക്കിംഗില്‍ പണമടച്ചു വാഹനം പാര്‍ക്കുചെയ്യേണ്ടിവരും. മുനിസിപ്പാലിറ്റിയുടെ അനുമതിയുള്ള കമ്പനികള്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. ഏതൊക്കെ മേഖലകളിലായിരിക്കും പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുകയെന്ന് വരും ദിവസങ്ങളിൽ അറിയിക്കുമെന്നു അധികൃതർ വ്യക്തമാക്കി.
കച്ച പാര്‍ക്കിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യവില്‍പന, യാചന, പിടിച്ചുപറിയൊക്കെ ഇതോടെ നില്‍ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പേ പാര്‍ക്കിംഗ് വരുന്നതോടെ സുരക്ഷാ ചുമതലയുള്ളയാളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവും. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്കു കേടുപാടുവരുത്തുന്നതും മോഷണംപോകുന്നതും ഈ മേഖലയില്‍ പതിവാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണു മുനിസിപ്പാലിറ്റിയുടെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.