ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നു ബാച്ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു. പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് വിവിധ മേഖലകളില്‍ പരിശോധനകള്‍ നടത്തിയത്. അല്‍ ഖദിസിയ, നസിറിയ, മെയ്സലൂണ്‍, അല്‍ സബ്ക, അല്‍ ജസാത്, മുസല്ല, ഷര്‍ഖാന്‍, ഗാഫിയ, ഹസാന മേഖലകളില്‍ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു.
7,000ല്‍ ഏറെപ്പേരെ ഇതുവരെ ഒഴിപ്പിച്ചു. സെപ്റ്റംബറിലാണ് നടപടികള്‍ ശക്തമാക്കിയത്. കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉണ്ടാകുമെന്നാണു സൂചന. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ 1,915 പരിശോധനകള്‍ നടത്തി. പഴയ വില്ലകളില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് താമസമെന്നു കണ്ടെത്തി. ഇതില്‍ കൂടുതലും ഏഷ്യക്കാരായ സാധാരണ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാര്‍ കുറവാണ്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ ഉത്തരവനുസരിച്ചാണു നടപടി. ബാച്ലേഴ്സ് അടക്കമുള്ള താമസക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണിത്. സുരക്ഷിതമല്ലാത്ത പഴയ വില്ലകള്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്കു ബാച്ലേഴ്സിനും തൊഴിലാളികള്‍ക്കും നല്‍കുന്നതായി കണ്ടെത്തിയിരുന്നു.
നോട്ടിസ് നല്‍കിയാണ് ഒഴിപ്പിക്കല്‍. നടപടികള്‍ക്കു മുന്നോടിയായി വൈദ്യുതി-ജല വിതരണം തടയും. ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.