Currency

ഷാര്‍ജ ഇസ്‌ലാമിക് ആര്‍ട്ട് ഫെസ്റ്റിവലിന് ബുധനാഴ്ച തുടങ്ങും

സ്വന്തം ലേഖകന്‍Tuesday, December 10, 2019 11:58 am

ഷാര്‍ജ: ഇസ്‌ലാമിക കലയുടെ ചാരുതയും ഗാംഭീര്യവും വിളിച്ചോതുന്ന ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നായ ഷാര്‍ജ ഇസ്‌ലാമിക് ആര്‍ട്ട് ഫെസ്റ്റിവലിന്റെ (എസ്.ഐ.എ.എഫ്) 22ാം അധ്യായത്തിന് ബുധനാഴ്ച ഷാര്‍ജയില്‍ തുടക്കമാവും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ സര്‍ക്കാറിന്റെ സാംസ്‌കാരിക വിഭാഗം സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം പ്രോസ്‌പെക്ട്- പ്രതീക്ഷ എന്നതാണ്.

കലാകാരന്മാരെയും കലാ ഉത്സാഹികളെയും ഒരുമിച്ചുചേര്‍ക്കുന്ന മേളയായി എസ്.ഐ.എ.എഫ് മാറുമെന്ന് ഷാര്‍ജ സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഉവൈസ്, ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഖസീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 21 വരെ നീളുന്ന ഉത്സവത്തില്‍ പ്രദര്‍ശനം, പ്രഭാഷണം, പ്രവൃത്തി പരിശീലനം, പ്രമുഖര്‍ നയിക്കുന്ന ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടെ 253 പരിപാടികളാണ് ഉണ്ടാവുക.

ഷാര്‍ജ ആര്‍ട്ട് മ്യൂസിയം, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, മറായ ആര്‍ട്ട് സന്റെര്‍ തുടങ്ങിയ വേദികളിലാണ് പ്രദര്‍ശനങ്ങള്‍ അരങ്ങേറുക. 31 രാജ്യങ്ങളില്‍നിന്ന് 108 കലാകാരന്മാരാണ് ഇക്കുറി പങ്കെടുക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x