ഷാര്‍ജ: പോക്കറ്റടിക്കാരടക്കമുള്ള തട്ടിപ്പുകാരുടെ കെണികളില്‍ അകപ്പെടരുതെന്ന് പൊലീസ്. സഹായ വാഗ്ദാനങ്ങള്‍ നല്കി സമീപിക്കുന്നവരെ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ വാഹനങ്ങളില്‍ വച്ചു പോകരുതെന്നും നിര്‍ദേശിച്ചു. ദേഹത്തു തുപ്പി ശ്രദ്ധ മാറ്റിയശേഷമുള്ള പോക്കറ്റടി, സൈക്കിളിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടല്‍, കാറിന്റെ ടയര്‍ പഞ്ചര്‍ ആയെന്നു തെറ്റിദ്ധരിപ്പിച്ച് ഇറങ്ങി നോക്കുന്നതിനിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയവ പതിവു രീതികളാണെന്നു സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ സുല്‍ത്താന്‍ ബുവാല്സൂദ് പറഞ്ഞു.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം ഊര്‍ജിതമാക്കി. ബാങ്കില്‍ പോകുമ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോഴും കൂടുതല്‍ കരുതല്‍ വേണം. ബാങ്കില്‍ നിന്നും ഇതര ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്നും പണവുമായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേണ്ടത്ര സുരക്ഷയില്ലാതെ കൂടുതല്‍ തുകയുമായി യാത്ര ചെയ്യരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.