Currency

ഷാര്‍ജയെ കൂടുതല്‍ സുരക്ഷിത നഗരമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുന്നു

സ്വന്തം ലേഖകന്‍Wednesday, May 24, 2017 7:42 am

ഷാര്‍ജ: ഷാര്‍ജയെ കൂടുതല്‍ സുരക്ഷിത നഗരമാക്കി മാറ്റാനുള്ള പദ്ധതിക്ക് ഷാര്‍ജ പോലീസ് തുടക്കമിടുന്നു. ഇതിനായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. അത്യാഹിതം നടന്ന സ്ഥലങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാനുള്ള പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സെയ്ഫ് മുഹമ്മദ് പറഞ്ഞു.

182 വീഡിയോ ക്യാമറകളാണ് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായി നിലവില്‍ തത്സമയ ചിത്രീകരണം നടത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകള്‍ പോലീസിന്റെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി കുറ്റകൃത്യങ്ങളും ഗതാഗത നിയമലംഘനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. റംസാന്‍ കാലത്ത് ക്യാമറകളുടെ എണ്ണം 250 ആക്കി ഉയര്‍ത്തും. കൂടാതെ മുപ്പത് മൊബൈല്‍ ക്യാമറകളും പലയിടങ്ങളിലായി മാറ്റി മാറ്റി സ്ഥാപിക്കും. പോലീസ് പട്രോളിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അത്യാധുനിക ക്യാമറകളും ഘടിപ്പിക്കും.

നിലവില്‍ അത്യാഹിത സ്ഥലങ്ങളിലേക്ക് എത്താന്‍ പത്ത് മിനുട്ട് സമയം എടുക്കുന്നത് 2021 ആവുമ്പോഴേക്കും നാല് മിനുട്ടാക്കാന്‍ ശ്രമിക്കും. അത്യാഹിതമുണ്ടായാല്‍ പോലീസിന്റെ 999 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. അതേസമയം സാവധാനം നടപടി ആവശ്യമുള്ള കാര്യങ്ങള്‍ക്ക് 901 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജയില്‍ അഞ്ച് ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷ കര്‍ശനമാക്കും. 2021-ഓടെ അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഷാര്‍ജ പോലീസ് മുന്നോട്ട് വെക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x