
ഷാര്‍ജ: എമിറേറ്റ്‌സ് റോഡിനും മലീഹ റോഡിനും സമീപം അല്‍തായില്‍ നിര്‍മിച്ചിരിക്കുന്ന ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് തുറന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മസ്ജിദു ഷാര്‍ജയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മസ്ജിദു ഷാര്‍ജ എന്ന് പേരിട്ട പള്ളിയില്‍ കാല്‍ലക്ഷം പേര്‍ക്ക് ഒരേ സമയം നമസ്‌കാരത്തിന് സൗകര്യമുണ്ടാകും. തുര്‍ക്കിയിലെ പള്ളികളുടെ ഒട്ടോമന്‍ മാതൃകയില്‍ നിര്‍മിച്ച പള്ളി മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കും സന്ദര്‍ശിക്കാം.
പുറത്തെ പൂന്തോട്ടമുള്‍പ്പെടെ 186,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് പള്ളിനിര്‍മിച്ചിരിക്കുന്നത്. പള്ളിയിലെ പ്രധാനഹാളില്‍ 5000 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥലം പള്ളിയിലുണ്ട്. ഇവിടെ അറുനൂറിലേറെ വനിതകള്‍ക്ക് ഒരേ സമയം നമസ്‌കാരത്തില്‍ പങ്കെടുക്കാം. ഇമാമിനും ജീവനക്കാര്‍ക്കുമുള്ള വീടുകളും സുവനീര്‍ ഷോപ്പും നടപ്പാതകളും പള്ളിയുടെ ഭാഗമാണ്.
2014 ലാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടത്. റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിന് ഭരണാധികാരിയും പള്ളിയിലുണ്ടായിരുന്നു. മസ്ജിദു ഷാര്‍ജയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രണ്ട് നാണയങ്ങളും യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.