Currency

ഷാര്‍ജയില്‍ സ്‌കൂള്‍ കാന്റീന്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Tuesday, January 8, 2019 2:13 pm

ഷാര്‍ജ: ഷാര്‍ജയിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും എടുക്കണമെന്ന് നഗരസഭ. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കം. ഭക്ഷണ വിതരണത്തിനായി സ്‌കൂളുകള്‍ നഗരസഭയെ സമീപിച്ച് അനുമതി പത്രം കരസ്ഥമാക്കിയിരിക്കണം.

കുട്ടികള്‍ക്ക് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ഇനങ്ങള്‍ കാണിച്ചുള്ള രേഖ നഗരസഭയില്‍ സമര്‍പ്പിച്ച് സമ്മതം പത്രവും വാങ്ങിയിരിക്കണമെന്നാണ് നിയമം. വിതരണം ചെയ്യുന്ന കമ്പനികള്‍, അവ കൊണ്ടുവരുന്ന വാഹനങ്ങള്‍ എന്നിവക്കും നഗരസഭയുടെ അംഗീകാരം ലഭിച്ചിരിക്കണം.

വ്യക്തി ശുചിത്വം, വാഹനങ്ങളിലെ താപനില, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവ മനസിലാക്കുവാനാണ് നഗരസഭ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. വീഴ്ച്ച വരുത്തുന്ന സ്‌കൂളുകള്‍ക്ക് കാന്റീനുകള്‍ വഴി ഭക്ഷണം വിതരണം നടത്തുവാന്‍ അനുമതി ലഭിക്കുകയില്ല. അരോഗ്യ കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായാല്‍ 48 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അത് കൈപ്പറ്റിയിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x