Currency

ഷാര്‍ജയിലെ സ്‌കൂളുകള്‍ 27ന് തുറക്കും; സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കി

സ്വന്തം ലേഖകന്‍Tuesday, September 22, 2020 5:32 pm

ഷാര്‍ജ: എമിറേറ്റിലെ സ്‌കൂളുകള്‍ സെപ്തംബര്‍ 27ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്പിഇഎ) തീരുമാനിച്ചതായി അറബിക് പത്രം ഇമാറാത് അല്‍ യൗം റിപ്പോര്‍ട് ചെയ്തു. ഇതിന് മുന്നോടിയായി സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കിയെന്നും കോവിഡ്19 സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു എന്നും ഉറപ്പാക്കി.

ലോക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്‍പാണ് സ്‌കൂളുകള്‍ അടച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു പിന്നീട് അധ്യയനം. വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് ആദ്യം രാജ്യത്തെ മറ്റു ചില എമിറേറ്റുകളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ അടഞ്ഞുതന്നെ കിടന്നു. രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തന്നെ തുടരാനായിരുന്നു അധികൃതരുടെ തീരുമാനം. പിന്നീട് ഈ മാസം 13ന് തുറക്കുമെന്ന് അറിയിച്ചെങ്കിലും വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു.

മറ്റ് എമിറേറ്റുകളില്‍ സ്‌കൂളുകളില്‍ വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമേ എത്തിയുള്ളൂ. ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന് നേരത്തെ മലയാളികളടക്കമുള്ള രക്ഷിതാക്കള്‍ അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഈ മാസം 27ന് സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിന് മുന്നോടിയായി അധികൃതര്‍ സ്വകാര്യ സ്‌കൂളുകളടക്കം സന്ദര്‍ശിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കി. കൂടാതെ, സ്‌കൂള്‍ ബസുകള്‍, ക്യാംപസിലേയ്ക്കുള്ള പ്രവേശനം, ക്ലാസ് റൂം എന്നിവിടങ്ങളിലെ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കാര്യങ്ങളിലും സ്‌കൂള്‍ അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x