
ഷാര്‍ജ: കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ നിജപ്പെടുത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ കണ്ടെത്തുന്നതിനായി ഷാര്‍ജയില്‍ പരിശോധന തുടരുന്നു. പലഭാഗത്തും കുടുംബങ്ങളോടൊപ്പം ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്തി. ഇവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വ്യവസായ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ താമസ സൗകര്യത്തിന് അലയേണ്ട ആവശ്യം ബാച്ചിലര്‍മാര്‍ക്കില്ല. ഇതിനകം തന്നെ പലരും പിഴയും അനുബന്ധ നടപടികളും ഭയന്ന് അനുവദനീയമായ ഇടങ്ങളിലേക്ക് മാറാന്‍ തുടങ്ങി.
ഭവനനിയമങ്ങള്‍ ലംഘിച്ച് താമസിക്കുകയായിരുന്ന 1296 അപ്പാര്‍ട്ട്‌മെന്റുകളിലെ ജലവൈദ്യുത ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വൈകുന്നേരങ്ങളിലാണ് പരിശോധനകള്‍ പ്രധാനമായും നടക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നുണ്ട്. വീഴ്ച്ച കണ്ടെത്തിയാല്‍ ചുരുങ്ങിയ പിഴ 500 ദിര്‍ഹമാണ്. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും.
ഒരു കുടുംബം താമസിക്കേണ്ട ഇടത്ത് 15, 20 ബാച്ചിലര്‍മാരാണ് താമസിക്കുന്നത്. കുടുംബങ്ങള്‍ക്ക് മാത്രമായി വേര്‍തിരിച്ച താമസ മേഖലകളില്‍ തൊഴിലാളികള്‍ താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ എക്‌സിക്യൂട്ടിവ് ബാച്ചിലര്‍മാര്‍ക്ക് ഇത്തരം ഇടങ്ങളില്‍ താമസിക്കാവുന്നതാണ്. സാധാരണ തൊഴിലാളികള്‍ വ്യവസായ മേഖലകളിലാണ് താമസിക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.