
ഷാര്‍ജ: നവീകരിച്ച ഷാര്‍ജ അല്‍ മുന്‍തസ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ നൂറു മില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. പേള്‍ കിങ്ഡം എന്ന് പേരിട്ട പാര്‍ക്കിലെ വാട്ടര്‍ തീം പാര്‍ക്കാണ് സന്ദര്‍ശകര്‍ക്കായി ഇപ്പോള്‍ തുറന്നു കൊടുത്തത്. നിലവില്‍ 7000 സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ സൗകര്യമുള്ള ഇവിടെ ‘ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ്’ എന്ന് പേരുള്ള അടുത്ത ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ 17000 പേര്‍ക്ക് ഒരേ സമയം സന്ദര്‍ശിക്കാം.
ഷാര്‍ജ നഗരമധ്യത്തില്‍ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നില്‍ക്കുന്ന പാര്‍ക്ക് വൈകാതെ യു.എ.ഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളില്‍ ഒന്നായി മാറും. പാര്‍ക്കില്‍ 35 പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളില്‍ മറഞ്ഞു നില്‍ക്കുന്ന നിധികള്‍ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടര്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിയാണ് റൈഡുകളുടെ രൂപകല്‍പ്പന. ഒരേ സമയം 200 പേരെ ഉള്‍കൊള്ളുന്ന ‘വേവ് പൂള്‍’, 100 കുട്ടികള്‍ക്ക് ഒരേനേരം ആസ്വദിക്കാവുന്ന ‘കിഡ്‌സ് സ്ലൈഡ്’, ‘ഫ്‌ലയിങ് കാര്‍പറ്റ്’, ‘മിസ്റ്ററി റിവര്‍’ തുടങ്ങി നിരവധി അനുഭവങ്ങള്‍.
വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകള്‍ ‘ലേഡീസ് ഡേ’ ആയി ആചരിക്കുന്ന അല്‍ മുന്‍തസ പാര്‍ക്കില്‍ അന്നേ ദിവസം വൈകുന്നേരം നാല് മുതല്‍ ആറു വരെ സുംബാ നൃത്തമൊരുങ്ങും. ആറു മുതല്‍ ഒന്‍പതു വരെ ഡീജെയും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ തത്സമയ സംഗീത പരിപാടികളും ഒരുക്കുന്നു.
രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. മുതിര്‍ന്നവര്‍ക്ക് 150 ദിര്‍ഹം, കുട്ടികള്‍ക്ക് 100 ദിര്‍ഹം, എണ്‍പതു സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്ക് 50 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പാര്‍ക്കിങ് സൗജന്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.