Currency

യു.എ.ഇ. ഫുഡ് ബാങ്ക്: ഭക്ഷണ വിതരണത്തിന് ശൈഖ ഷമ്മയും

സ്വന്തം ലേഖകന്‍Sunday, January 15, 2017 7:03 am

ദുബായ്: യു.എ.ഇ. ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭക്ഷണ വിതരണത്തിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ ഷമ്മയും. ദുബായ്, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലെ നിര്‍മാണ കേന്ദ്രങ്ങളിലെ 9,000 തൊഴിലാളികള്‍ക്കാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള സന്നദ്ധസംഘം ഭക്ഷണവിതരണം ചെയ്യുന്നത്.

ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തൊഴിലാളികള്‍ക്കരികിലെത്തിയ ശൈഖ ഷമ്മയുടെ ചിത്രം ശൈഖ് മുഹമ്മദ് ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സന്നദ്ധസേവന പ്രവര്‍ത്തനമാണിതെന്ന അടിക്കുറിപ്പും ചിത്രത്തിന് കീഴെ നല്‍കിയിട്ടുണ്ട്. സ്വയം മാതൃകയായി നേതൃത്വം വഹിക്കുകയെന്ന ലളിതമായ ആശയമാണ് തങ്ങള്‍ ജീവകാരുണ്യ രംഗത്ത് പിന്തുടരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

UAE-Food-Bank-1

കൂട്ടുകാര്‍ക്കൊപ്പം ഇത്തരമൊരു ശ്രമത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ ഷമ്മ പ്രതികരിച്ചു. രാജ്യത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും 500 വിദ്യാര്‍ഥികളെ യു.എ.ഇ. ഫുഡ് ബാങ്ക് പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x