Currency

ഷോപ്പ് ബഹ്‌റൈന്‍: ‘ഫെസ്റ്റിവല്‍ സിറ്റി’ 17 മുതല്‍

സ്വന്തം ലേഖകന്‍Monday, January 14, 2019 2:21 pm

മനാമ: ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മേളയായ ‘ഷോപ്പ് ബഹ്‌റൈന്റെ’ ഭാഗമായുള്ള ‘ഫെസ്റ്റിവല്‍ സിറ്റി’ കാര്‍ണിവലിന് ഈ മാസം 17ന് തുടക്കമാകും. ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് ‘ഫെസ്റ്റിവല്‍ സിറ്റി’ നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ‘ഷോപ്പ് ബഹ്‌റൈനോ’ടനുബന്ധിച്ച് മാളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. സമ്പദ്‌വ്യവസ്ഥക്ക് താങ്ങാകുന്ന വിധം ടൂറിസം വിഭാഗം വര്‍ഷം മുഴുവന്‍ നീളുന്ന പരിപാടികള്‍ നടത്താനാണ് ആലോചിക്കുന്നത്.

അതിലെ പ്രധാന പരിപാടികളിലൊന്നാണ് ‘ഷോപ്പ് ബഹ്‌റൈന്‍’. ‘ഫെസ്റ്റിവല്‍ സിറ്റി’എല്ലാ പ്രായക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ണിവല്‍ ആയി മാറും. വിവിധ ഗെയിമുകള്‍, സമ്മാന പദ്ധതികള്‍, ചന്ത, ലൈവ് ഷോകള്‍ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്. ബഹ്‌റൈനിലും സൗദിയിലും കുവൈത്തിലും സ്‌കൂള്‍ അവധിയുടെ സമയത്താണ് ഇത്തവണ ‘ഫെസ്റ്റിവല്‍ സിറ്റി’ നടക്കുന്നത് എന്നത് കൂടുതല്‍ സന്ദര്‍ശകര്‍ എത്താനുള്ള കാരണമാകുമെന്നാണ് കരുതുന്നത്. 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ലോക പ്രശസ്തമായ ‘സ്മര്‍ഫ്‌സ് ഓണ്‍ സ്‌റ്റേജ്’ മൂന്ന് പരിപാടികള്‍ അവതരിപ്പിക്കും. നാല് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ട് ദിനാര്‍ ആണ് ‘ഫെസ്റ്റിവല്‍ സിറ്റി’യിലേക്കുള്ള പ്രവേശന ചാര്‍ജ്. അതിനു താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മതിയായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.shopbahrain.com എന്ന വെബ്‌സൈറ്റ് വഴി അറിയാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x