Currency

യുഎഇയില്‍ എക്സൈസ് നികുതി പ്രാബല്യത്തില്‍ വന്നു

സ്വന്തം ലേഖകന്‍Monday, October 2, 2017 2:30 pm

സിഗരറ്റിന്റെയും മറ്റും വില ഇരട്ടിയായി. കോളകള്‍ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും സിഗററ്റിനും എനര്‍ജിഡ്രിങ്കുകള്‍ക്കും 100 ശതമാനവുമാണ് നികുതി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവു വരുത്തുകയാണ് എക്‌സൈസ് നികുതി നടപ്പില്‍ വരുത്തുന്നതിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.

ദുബായ്: യു.എ.ഇയില്‍ എക്സൈസ് നികുതി നിലവില്‍ വന്നു. പുകയില ഉല്‍പന്നങ്ങള്‍, ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങള്‍, ചിലയിനം ശീതള പാനീയങ്ങള്‍ തുടങ്ങിയവയ്ക്കാണ് നികുതി ഈടാക്കി തുടങ്ങിയിരിക്കുന്നത്. ഇതോടെ സിഗരറ്റിന്റെയും മറ്റും വില ഇരട്ടിയായി. കോളകള്‍ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും സിഗററ്റിനും എനര്‍ജിഡ്രിങ്കുകള്‍ക്കും 100 ശതമാനവുമാണ് നികുതി.

ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവു വരുത്തുകയാണ് എക്‌സൈസ് നികുതി നടപ്പില്‍ വരുത്തുന്നതിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്. സിഗരറ്റ് ഉല്‍പന്നങ്ങളും കോള, എനര്‍ജി പാനീയങ്ങളും ഉപേക്ഷിക്കാന്‍ നിരക്കുവര്‍ധന പ്രേരണയാകും എന്ന പ്രതീക്ഷയിലാണ് യു.എ.ഇ അധികൃതര്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളും വൈകാതെ എക്‌സൈസ് നികുതി ഘടനയിലേക്ക് വരുമെന്നാണ് സൂചന. ജനുവരി ഒന്നുമുതല്‍ യു.എ.ഇക്കൊപ്പം മറ്റു ഗള്‍ഫ് രാജ്യങ്ങളും മൂല്യവര്‍ധിത നികുതി നടപ്പാക്കും.

ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി സഭയാണ് ഓരോ ഉല്‍പന്നങ്ങള്‍ക്കുമുള്ള തീരുവ നിശ്ചയിക്കുന്നത്. രാജ്യത്തെ ഫ്രീസോണുകള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും എക്സൈസ് തീരുവ ബാധകമാണ്. എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന ഉല്‍പന്നങ്ങള്‍ക്ക് തീരുവ നല്‍കേണ്ടതില്ല.

എക്സൈസ് തീരുവ വഴി പ്രതിവര്‍ഷം 700 കോടി ദിര്‍ഹത്തിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികമായി ലഭിക്കുന്ന വരുമാനം റോഡ് നിര്‍മാണം, ഗതാഗത സൗകര്യ വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x