Currency

നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് പ്രത്യേക എ.ടി.എം. ഒരുക്കി ദുബായ് എമിഗ്രേഷന്‍

സ്വന്തം ലേഖകന്‍Wednesday, March 20, 2019 1:16 pm

ദുബായ്: നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ സുഗമമാകുന്നതിന് വേണ്ടി ഷാര്‍ജാ ഇസ്ലാമിക് ബാങ്കുമായി സഹകരിച്ച് പ്രത്യേകം സൗകര്യമൊരുക്കി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷന്‍). ഇത്തരക്കാര്‍ക്ക് പരസഹായമില്ലാതെ അവരുടെ പണം പിന്‍വലിക്കാനും വിവിധ ഇടങ്ങളിലേക്ക് പണം നിക്ഷേപിക്കാനും സാധ്യമാക്കുന്ന അത്യാധുനിക എ.ടി.എം. മെഷീന്‍ വകുപ്പ് പുറത്തിറക്കി. ഇതിലൂടെ ശാരീരിക വൈകല്യമുള്ളരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കിയ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ദുബായ് എമിഗ്രേഷന്‍.

ദുബായ് എമിഗ്രേഷന്റെ മുഖ്യകാര്യാലയമായ ജാഫ്ലിയ ഓഫീസിന്റെ ഗേറ്റ് നമ്പര്‍ നാലിന് മുന്നിലാണ് എ.ടി.എം. സ്ഥാപിച്ചിരിക്കുന്നത്. ഈ കൗണ്ടറിനുള്ളിലേക്ക് വീല്‍ചെയറുകള്‍ക്ക് കടന്നുവരാനുള്ള പ്രത്യേക സഞ്ചാരപാത, കാഴ്ച്ചയില്ലാത്തവര്‍ക്ക് തിരിച്ചറിവിനുള്ള പ്രത്യേക ടച്ചിംഗ് സംവിധാനം, ശബ്ദ സന്ദേശങ്ങള്‍, തുടങ്ങിയ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഇത്തരക്കാര്‍ക്ക് പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണങ്ങള്‍, മിനി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, രഹസ്യ കോഡ് മാറ്റല്‍, വോയിസ് സര്‍വീസ്, വിവിധ യൂട്ടിലിറ്റി പേയ്‌മെന്റ് അടക്കാനുമുള്ള വിവിധ സേവനങ്ങളും തേടാവുന്നതാണ്.

വരും കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് സഹായകരമായുള്ള കൂടുതല്‍ സേവനങ്ങള്‍ ഇതില്‍ ലഭ്യമാക്കുന്നതാണെന്ന് അധിക്യതര്‍ അറിയിച്ചു. സാധാരണ ആളുകള്‍ക്കും മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x