Currency

പൊതുമാപ്പിനു ശേഷവും യുഎഇയില്‍ അനധികൃതമായി തുടരുന്നവര്‍ക്ക് കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Tuesday, August 28, 2018 1:35 pm

ദുബായ്: യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമങ്ങളും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കാന്‍ ആലോചന. ഒപ്പം കുറ്റവാളികളും അപകടകാരികളുമായ ആളുകള്‍ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും തടയുന്നതിനും ശക്തമായ നീക്കങ്ങള്‍ ഉണ്ടാവും. പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമൊട്ടുക്കും കര്‍ശന പരിശോധനകളാണ് ആരംഭിക്കുകയെന്ന് റസിഡന്‍സി അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകാന്‍ അന്‍ റഷീദി, നിയമോപദേഷ്ടാവ് ഡോ. യൂസുഫ് അല്‍ ശരീഫ് എന്നിവര്‍ വ്യക്തമാക്കി. വലിയ പിഴയും തടവുമുള്‍പ്പെടെ ശിക്ഷകളുമുണ്ടാവും. നാടുകടത്തുകയും ചെയ്യും.

സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് നിയമ ലംഘകരില്‍ അധികവും എന്നത് വ്യക്തമായതിനാല്‍ ഇത്തരം അനിഷ്ട സാഹചര്യങ്ങള്‍ ഭാവില്‍ ഉണ്ടാവാത്ത രീതിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന. മൂന്നു മുതല്‍ ആറു മാസം വരെ നീളുന്ന തൊഴിലന്വേഷക വിസ ഏര്‍പ്പെടുത്തി ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്’ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

സന്ദര്‍ശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതല്‍ നിക്ഷേപവും ഏര്‍പ്പെടുത്തിയേക്കും. കാലാവധി കഴിയുമ്പോള്‍ ഇവര്‍ നിയമം ലംഘിക്കാതെ നാട്ടിലേക്ക് മടങ്ങുമെന്ന് ഉറപ്പാക്കുവാനാണ് ഈ പദ്ധതി. അതിനൊപ്പം അനധികൃതമായി തങ്ങുന്നവരുടെ വിമാന ടിക്കറ്റ് ചാര്‍ജ് അവരുടെ രാജ്യങ്ങളുടെ എംബസികള്‍ വഹിക്കണമെന്ന വ്യവസ്ഥയും വന്നേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x