
ഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ. ഷാര്‍ജ, അബുദാബി, ദുബായ് എമിറേറ്റുകളിലാണ് ഭേദപ്പെട്ട മഴയുണ്ടായത്. ഇടിയും മിന്നലോടും കൂടിയ മഴ ആയിരുന്നു. യുഎഇയില്‍ വെള്ളിയാഴ്ച മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇന്നലെ രാത്രിയോടെ കാറ്റ് ശക്തമായി. താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. മലയോര മേഖലകളില്‍ 5 ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തിയതായാണു റിപ്പോര്‍ട്ട്.
ഷാര്‍ജയില്‍ കഴിഞ്ഞദിവസം താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. കടല്‍ പ്രക്ഷുബ്ധമാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്. കുവൈറ്റ്, ബഹ്റൈന്‍, സൗദിയിലെ ദഹ്റാന്‍, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശി. ഖത്തറിലും ഒമാനിലും തണുത്ത കാലാവസ്ഥയാണ്. ശക്തമായ കാറ്റുമുണ്ട്. ഇന്നും ഇതേ കാലാവസ്ഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അബുദാബിയില്‍ സുഖകരമായ കാലാവസ്ഥയാണ്. ചൂടും തണുപ്പുമില്ലാത്ത നല്ല കാലാവസ്ഥയായതോടെ തലസ്ഥാന നഗരിയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്. വാരാന്ത്യ ദിവസങ്ങളിലാണ് ഏറ്റവുമധികം ടൂറിസ്റ്റുകളെത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.