
ബംഗളൂരു: നഗരത്തിലെ തിരക്കൊഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള സബര്‍ബന്‍ റെയില്‍വേ പദ്ധതി പ്രതിസന്ധിയില്‍. പദ്ധതിയുടെ ചെലവുവഹിക്കുന്ന കാര്യത്തിലുണ്ടായ തര്‍ക്കമാണ് പ്രതിസന്ധിയുണ്ടാക്കിയത്. ബംഗളൂരു നഗരത്തില്‍നിന്ന് നഗരപ്രാന്തത്തിലെ വിവിധപ്രദേശങ്ങളിലേക്കാണ് നിര്‍ദിഷ്ട സബര്‍ബന്‍ റെയില്‍വേ. തുമകൂരു, നെലമംഗല, രാമനഗര, ഹോസ്‌കോട്ട്, ബെംഗാരപേട്ട്, ചിക്കബെല്ലാപുര, ദോഡ്ഡബെല്ലാപുര്‍ എന്നിവിടങ്ങളിലേക്ക് 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മിക്കേണ്ടത്.
പദ്ധതിയുടെ ചെലവില്‍ 60 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് റെയില്‍വേ നിര്‍ദേശം. 20 ശതമാനം റെയില്‍വേയും 20 ശതമാനം കേന്ദ്രവും വഹിക്കുമെന്നാണ് തീരുമാനം. സബര്‍ബന്‍ട്രെയിന്‍ സര്‍വീസിനുവേണ്ടി ചെന്നൈ, മുംബൈ മാതൃകയില്‍ പുതിയപാതയും സ്റ്റേഷനുകളും നിര്‍മിക്കാനാണ് റെയില്‍വേ പദ്ധതി. എന്നാല്‍, സ്ഥലമേറ്റെടുപ്പും മറ്റുമായി പദ്ധതി പൂര്‍ത്തിയാകാന്‍ ആറുമുതല്‍ പത്തുകൊല്ലം വേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
പദ്ധതി നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി മഹേന്ദ്ര ജെയിന്‍ പറഞ്ഞു. 50:50 എന്ന അനുപാതത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അറ്റകുറ്റപ്പണികളുടെയും മറ്റും ബാധ്യത റെയില്‍വേ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സബര്‍ബന്‍ റെയില്‍വേ നയത്തില്‍ ആവശ്യമായ മാറ്റംവരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും മഹേന്ദ്ര ജെയിന്‍ പറഞ്ഞു. പദ്ധതി ചെലവിന്റെ 60 ശതമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ വായ്പവാങ്ങേണ്ടിവരും. ഭീമമായ തുക ചെലവാക്കി പദ്ധതി നടപ്പാക്കാന്‍ ഏറെ വെല്ലുവിളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വതന്ത്രമായ കമ്പനികള്‍ തുടങ്ങുകയും റെയില്‍വേ വികസനം സംസ്ഥാനതലത്തില്‍ അത്തരം കമ്പനികളെക്കൂടി ഏല്‍പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ പറഞ്ഞിരുന്നു. സബര്‍ബന്‍ റെയില്‍വേ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സബര്‍ബന്‍ റെയില്‍വേ ബേകു എന്ന പേരില്‍ പ്രചാരണപരിപാടി അടുത്തയിടെ സംഘടിപ്പിച്ചിരുന്നു. നിരവധി ചെറുപ്പക്കാരും യാത്രക്കാരും പ്രചാരണപരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.