
മനാമ: പ്രവാസികള്‍ക്ക് സൗഹൃദമുണ്ടാക്കാന്‍ ബഹ്‌റൈന്‍ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമെന്ന് സര്‍വേ. 68 രാജ്യങ്ങളിലുള്ള 18,000 പ്രവാസികളോട് അഭിപ്രായം തേടി ‘ഇന്റര്‍ നാഷന്‍സിന്റെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍’ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈന്‍ പ്രവാസികളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനവും പറഞ്ഞത് ഇവിടെ സൗഹൃദങ്ങളുണ്ടാക്കാന്‍ വളരെ എളുപ്പമാണെന്നാണ്. ഇതില്‍തന്നെ 68 ശതമാനം പേര്‍ സ്വദേശികളുമായി എളുപ്പത്തില്‍ സൗഹൃദമുണ്ടാക്കാമെന്ന് അഭിപ്രായപ്പെട്ടു. 88 ശതമാനം പേര്‍ തങ്ങള്‍ ബഹ്‌റൈനിലെ ജീവിതത്തില്‍ സംതൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടു.
മെക്‌സിക്കോക്കാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം സെര്‍ബിയക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷം സര്‍വേയില്‍ ബഹ്‌റൈന് ആറാം സ്ഥാനമായിരുന്നു. ബഹ്‌റൈന്‍ പൗരന്‍മാര്‍ സൗഹൃദം സ്ഥാപിക്കാന്‍ മനസ്സുള്ളവരാണ് എന്നാണ് 60 ശതമാനം പേര്‍ പറഞ്ഞത്. 34 ശതമാനം പ്രവാസികള്‍ പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രയാസമാണ് എന്ന് കരുതുന്നു. എന്നാല്‍, അറബിക് ഭാഷ അറിയാതെതന്നെ ബഹ്‌റൈനില്‍ സുഖമായി ജീവിക്കാമെന്ന് 94 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ജീവിത നിലവാരം, ഇഴുകിച്ചേരാനുള്ള സൗകര്യം, പുറംരാജ്യത്തെ ജോലി, കുടുംബജീവിതം, സാമ്പത്തികം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കുവൈത്ത്, സ്വീഡന്‍, ഡെന്‍മാര്‍ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേബ്യ, ജര്‍മനി, നോര്‍വേ, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍ സുഹൃത്തുക്കളെ കിട്ടാന്‍ പ്രയാസമാണ് എന്നാണ് പ്രവാസി സര്‍വേ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.