സിഡ്നി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിരീകരിച്ച പ്രാദേശിക കൊവിഡ് ബാധ ആശങ്കാജനകമായ രീതിയിലേക്ക് മാറുന്നു. വടക്കന്‍ സിഡ്നിയിലെ പുതിയ ക്ലസ്റ്ററില്‍ രണ്ടു ദിവസം കൊണ്ട് 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാവിലെ വരെ അഞ്ചു പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ 12 പേര്‍ക്ക് കൂടി കൊവിഡ് ബാധ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് വൈകിട്ട് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചവര്‍ക്ക് വരും ദിവസങ്ങളില്‍ ഐസൊലേഷന്‍ നിര്‍ദ്ദേശം നല്‍കിയേക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നോര്‍തേണ്‍ ബീച്ചസ് മേഖലയിലുള്ളവരോട് അടുത്ത മൂന്നു ദിവസത്തേക്ക് പരവമാധി വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നത് മറ്റുള്ളവര്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ബുധനാഴ്ച സിഡ്നി വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് രോഗബാധ കണ്ടെത്തിയതോടെയാണ് രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ആദ്യ പ്രാദേശിക ബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ വിമാനത്തിലെ ജീവനക്കാരില്‍ നിന്നാണ് ഈ വാന്‍ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചത് എന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.