വയോജന പരിപാലനത്തിനു കൂടുതൽ നേഴ്സുമാരെ വേണ്ടിവരുന്ന സാഹചര്യം വിദേശത്ത് നിന്നുള്ളവർക്കും ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്
മെൽബൺ: അടുത്ത പത്തു വർഷത്തിനുള്ളിൽ ടാസ്മാനിയയിൽ വാർധക്യത്തിൽ എത്തിയവരെ പരിചരിക്കാൻ കൂടുതൽ പേരെ ആവശ്യമായി വരുമെന്ന് റിപ്പോർട്ടുകൾ. ഇവിടെ ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം വർധിച്ചു വരികയാണ്. ആശുപത്രിയിലെ സേവനങ്ങളെക്കാൾ വയോജന പരിപാലനത്തിനു കൂടുതൽ നേഴ്സുമാരെ വേണ്ടിവരുന്ന സാഹചര്യം വിദേശത്ത് നിന്നുള്ളവർക്കും ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
വൃദ്ധജനപരിപാലന മെഖലയിൽ 5,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ഏജ്ഡ് ആൻഡ് കമ്യൂണിറ്റി സർവീസസ് ഓസ്ട്രേലിയയുടെ ടാസ്മാനിയൻ ഘടകത്തിലെ ഡാറൻ മാത്യുസൺ പറഞ്ഞു. തൊഴിലവസരങ്ങളെ കുറിച്ചും പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ ഹൊബാർട്ടിൽ ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവരെ പരിചരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ സേവന യൂണിയനിലെ ടിം ജേക്കബ്സൺ അഭിപ്രായപ്പെട്ടു. എന്നാൽ വേതനം കുറവായതിനാൽ പാർട്ട് ടൈം ആയോ താൽകാലികമായൊ ആണ് ഈ മേഖലയിൽ ഇപ്പോൾ യുവാക്കൾ ജോലി ചെയ്യുന്നത്. മെച്ചപ്പെട്ട വേതനം നൽകുക വഴി ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.