
വിക്ടോറിയ: അധ്യാപകരെ ലഭിക്കാന്‍ പ്രയാസമുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് ഒറ്റത്തവണ പ്രോത്സാഹനമായി 50,000 ഡോളര്‍ വരെ നല്‍കുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിക്ടോറിയയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകരെ ലഭിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനു പുറമേ, മൂന്നു വര്‍ഷം ഇവിടെ ജോലി ചെയ്യുകയാണെങ്കില്‍ ഓരോ വര്‍ഷവും 9,000 ഡോളര്‍ വീതവും നല്‍കും.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ സമാനമായ ഒരുപദ്ധതി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മെല്‍ബണില്‍ നിന്ന് ഉള്‍നാടന്‍ വിക്ടോറിയയിലെ സ്‌കൂളുകളിലേക്ക് മാറാന്‍ തയ്യാറുള്ള അധ്യാപകര്‍ക്കാണ് 50,000 ഡോളര്‍ പ്രോത്സാഹന ധനം പ്രഖ്യാപിച്ചിരുന്നത്. വിക്ടോറിയയിലെ വിവിധ സ്‌കൂളുകളില്‍ ഗണിതശാസ്ത്രം, ശാസ്ത്രം തുടങ്ങി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരുടെ ക്ഷാമം രൂക്ഷമാണ്. മാത്രമല്ല ഇത്തരത്തിലുള്ള പല സ്‌കൂളുകളെയും അവിടത്തെ കുട്ടികളെയും കുറിച്ച് സമൂഹത്തിലും മോശം അഭിപ്രായമാണ്.
ഇത്തരം സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് മികച്ച അധ്യാപകരെ ഇത്തരം സ്‌കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി 244.6 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു.
മറ്റു തൊഴില്‍മേഖലകളിലുള്ളവര്‍ക്കും, മികച്ച മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അധ്യാപനവൃത്തി തെരഞ്ഞെടുത്ത് ഈ സ്‌കൂളുകളിലേക്ക് എത്താനും ഈ പദ്ധതി ഉപയോഗിക്കും. അവര്‍ക്ക് അധ്യാപക പരിശീലനം നേടുന്നതിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ആനുകൂല്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.